പ്രളയ പുനര്‍നിര്‍മാണം; ഡെവലപ്മെന്റ് കോണ്‍ക്ലേവ് ജൂലൈ 15 ന്

വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, കെ.ഫ്.ഡബ്ള്യൂ, ജെയ്ക്ക, ഫ്രെഞ്ച് ഡവലപ്പ്മെന്റ് ഏജന്‍സി, ജര്‍മന്‍ ഡവലപ്മെന്റ് ഏജന്‍സി, തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

പ്രളയ പുനര്‍നിര്‍മാണം; ഡെവലപ്മെന്റ് കോണ്‍ക്ലേവ് ജൂലൈ 15 ന്

പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ അന്താരാഷ്ട്ര വികസന സംഗമം ജൂലൈ 15ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെവലപ്പ്മെന്റ് പാര്‍ട്ട്നേഴ്സ് കോണ്‍ക്ലേവ് എന്ന പേരിലായിരിക്കും പരിപാടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുനര്‍ നിര്‍മ്മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം മതിയാകില്ല. തുടര്‍ന്നും രാജ്യാന്തരതലത്തിലുള്ള സഹായങ്ങളും ആവശ്യമാണ്. അതിനാണ് ഡവലപ്മെന്റ് കോണ്‍ക്ലേവ് നടത്തുന്നത് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വികസന സംഗമത്തില്‍ അവതരിപ്പിച്ച് അതിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നേടിയെടുക്കാനാണ് പരിപാടിയില്‍ ലക്ഷ്യമിടുന്നത്. വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, കെ.ഫ്.ഡബ്ള്യൂ, ജെയ്ക്ക, ഫ്രെഞ്ച് ഡവലപ്പ്മെന്റ് ഏജന്‍സി, ജര്‍മന്‍ ഡവലപ്മെന്റ് ഏജന്‍സി, തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

ഈ സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യ ചര്‍ച്ച നടത്തും. ഇതിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള വിഭവ സമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും. 1400 കോടിയുടെ സഹായം നല്‍കാമെന്ന് ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള വികസനം ലക്ഷ്യമിട്ട് നടത്തുന്ന കോണ്‍ക്ലേവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സികള്‍ പങ്കെടുക്കും. യുഎഇയിലെ റെഡ് ക്രെസന്റ് ആദ്യഘട്ട സഹായമെന്ന നിലയില്‍ 20 കോടി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read More >>