മസാല ബോണ്ടിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണം കാര്യങ്ങള്‍ മനസിലാക്കാതെ: പിണറായി വിജയന്‍

പ്രളയ പുനര്‍നിര്‍മാണത്തിന് അഡീഷനല്‍ ചീഫ് സെക്രട്ടറി യോഗം വിളിക്കും

മസാല ബോണ്ടിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണം കാര്യങ്ങള്‍ മനസിലാക്കാതെ: പിണറായി വിജയന്‍

തിരുവനന്തപുരം: മസാല ബോണ്ടിനെ കുറിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നത് കാര്യങ്ങളെ മനസിലാക്കാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ പുനര്‍ നിര്‍മ്മാണത്തിന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യും. സന്ദര്‍ശനം ഫലപ്രദമായിരുന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റില്‍ നിന്നുള്ള ആ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിലൊന്നായ റോട്ടര്‍ഡാം തുറമുഖം 460 മില്ല്യണ്‍ ടണ്‍ ചരക്കുനീക്കമാണ് ഒരുവര്‍ഷം നടത്തുന്നത്. അവിടം സന്ദര്‍ശിച്ചതിലൂടെ കേരളത്തിന്റെ വികസനത്തിന് സഹായകമായ പലകാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. റോട്ടര്‍ഡാം തുറമുഖ അധികൃതരുമായി മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച് ജൂലൈയില്‍ കേരളം ചര്‍ച്ച നടത്തും. ഒക്ടോബറില്‍ ധാരണാപത്രം ഒപ്പിടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയെയും എംബസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൃഷി വന പരിപാലനം മുതല്‍ പരിസ്ഥിതി മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് വരെയുള്ള വിവിധ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. നെതര്‍ലാന്റ്സില്‍ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തില്‍ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്. പുഷ്പ ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയമായും, ഡച്ച് എംബസിയുമായും ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Read More >>