നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതിപക്ഷം ഇറങ്ങിപോയി, കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതിപക്ഷം ഇറങ്ങിപോയി, കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കസ്റ്റഡിമരണം വര്‍ധിക്കുന്നത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന ആശങ്കയും ഗുരുതര സാഹചര്യവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വായ്പാ തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ചെന്ന് പി.ടി.തോമസ് ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം 105 മണിക്കൂറോളം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് അടിയന്തരാവസ്ഥയുടെ ഓര്‍മ്മ ദിവസമാണെന്നും അതേ ദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ടി വരുന്നത് വിധിവൈപരീത്യം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. മരണത്തിന് ഉത്തരവാദി ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>