കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യം പൊളിക്കാന്‍ ഹൈക്കമാന്‍ഡ്

എ, ഐ ഗ്രൂപ്പുകളുടെ സമര്‍ദ്ദത്തിന് വഴങ്ങി ഭാരവാഹികളെ നിശ്ചയിക്കുന്നത് സംഘടനയ്ക്ക് ഗുണകരമാകില്ലെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യം പൊളിക്കാന്‍ ഹൈക്കമാന്‍ഡ്

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകള്‍ക്കതീതമായി കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിശ്ചയിക്കുകയെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നിലും ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടെന്നാണ് സൂചന.

എ, ഐ ഗ്രൂപ്പുകളുടെ സമര്‍ദ്ദത്തിന് വഴങ്ങി ഭാരവാഹികളെ നിശ്ചയിക്കുന്നത് സംഘടനയ്ക്ക് ഗുണകരമാകില്ലെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദ്ദേശവും കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. 14 ന് തിരുവനന്തപുരത്ത് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കും.

സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാണ് പതിവ്. ഈ രീതി മാറ്റി പ്രവര്‍ത്തനം വിലയിരുത്തി പുനസംഘടന നടത്തുമ്പോള്‍ പല നേതാക്കള്‍ക്കും സ്ഥാന ചലനം സംഭവിക്കും. പദവികള്‍ അലങ്കാരത്തിന് ഉപയോഗിക്കുന്ന പ്രവണത അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രവര്‍ത്തിക്കുന്നവരെ ഗ്രൂപ്പ് തലവന്മാര്‍ പിന്തുണച്ചില്ലെങ്കിലും കെ.പി.സി.സി നേരിട്ട് കണ്ടെത്തി നിയമിക്കാനാണ് തീരുമാനം.

പ്രവര്‍ത്തനം മോശമായ ഭാരവാഹികളെ വിശദീകരണം ചോദിക്കാതെ തന്നെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് ഭാരവാഹികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കാനാണ് കെ.പി.സി.സി തീരുമാനം.

മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഈ കാര്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച ചെയ്തു. പുനസംഘടന പൂര്‍ത്തിയാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാട് മുല്ലപ്പള്ളി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ അറിയിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബൂത്തുതലത്തില്‍ സംഘടന ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ തിരിച്ചടിയാകും സംഭവിക്കുകയെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കാതെ പുനസംഘടന നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് എ, ഐ ഗ്രൂപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. സമവായത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരംഭിച്ചിട്ടുണ്ട്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പടെ പലരും ഗ്രൂപ്പിനതീതമായ പുനസംഘടനയ്ക്ക് അനുകൂല നലിപാട് സ്വീകരിച്ചതായാണ് സൂചന.

Read More >>