സി.പി.എമ്മുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്സ്; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കും

പി.സി.സി അദ്ധ്യക്ഷന്‍ സോമന്‍ മിത്ര രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ സി.പി.എമ്മുമായി ബംഗാളില്‍ സഖ്യം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു

സി.പി.എമ്മുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്സ്; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ്. സി.പി.എമ്മുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പി.സി.സി അദ്ധ്യക്ഷന്‍ സോമന്‍ മിത്ര രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ സി.പി.എമ്മുമായി ബംഗാളില്‍ സഖ്യം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ധാരണകള്‍ തെറ്റിച്ച് സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സി.പി.എം സി.പി.ഐക്കും ഫോര്‍വേഡ് ബ്‌ളോക്കിനുമായി നല്‍കിയിരുന്നു .ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഈ സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി.പി.എമ്മും ഉറച്ച നിലപാടെടുത്തു.

42 ല്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സി.പി.എം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യത്തിലായിരുന്നു മത്സരിച്ചത്.