ശബരിമല യുവതീ പ്രവേശനം തിരിച്ചടിയായെന്ന് സിപിഎം റിപ്പോര്‍ട്ട്

പാര്‍ട്ടി മുഖപത്രത്തില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ശബരിമല യുവതീ പ്രവേശനം തിരിച്ചടിയായെന്ന് സിപിഎം റിപ്പോര്‍ട്ട്

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെത്തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരില്‍ ഒരുവിഭാഗത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടുപിടിക്കേണ്ടത് മാത്രമല്ല, തിരുത്തേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട് എന്ന തലക്കെട്ടിലാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വനിതാമതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യു.ഡി.എഫും ബി.ജെ.പി.യും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു. കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി. സര്‍ക്കാര്‍ വരുമെന്ന ഭയം മതനിരപേക്ഷ മനസുകളില്‍ യു.ഡി.എഫിന് അനുകൂലമായ ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്നുള്ള പ്രചാരണം ഇതിന് ആക്കംകൂട്ടി.

സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബിജെപി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളില്‍ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കിയെന്നും. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ചക്ക് ശേഷം അംഗീകരിച്ചു. ജനങ്ങളെ തിരിച്ചുപിടിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലിന് ആഹ്വാനം ചെയ്യുന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു.

Read More >>