പ്രതീക്ഷയോടെ ഇന്ത്യ; ഫൈനലിലേക്ക് 240 റൺസ് ദൂരം

നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 239 റൺസ് എടുക്കാനെ ന്യൂസിലാൻഡിന് കഴിഞ്ഞുള്ളൂ.

പ്രതീക്ഷയോടെ ഇന്ത്യ; ഫൈനലിലേക്ക് 240 റൺസ് ദൂരം

മഴക്കളിച്ചപ്പോൾ റിസർവ്​ ദിനത്തിലേക്ക്​ നീട്ടിയ ഒന്നാം സെമി ഫൈനലിൽ ന്യുസിലൻഡിനെതിരെ ഇന്ത്യക്ക്​ 240 റൺസിൻെറ വിജയ ലക്ഷ്യം. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 239 റൺസ് എടുക്കാനെ ന്യൂസിലാൻഡിന് കഴിഞ്ഞുള്ളൂ.

ഇന്നലെ ന്യൂസിലൻഡ്​ സ്​കോർ 46.1 ഓവറിൽ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 211ൽ എത്തിയപ്പോഴാണ്​ മഴ മൂലം കളി മുടങ്ങിയത്​. തിരിച്ചടിയോടെയാണ്​ കിവികൾ കളി പുനരാരംഭിച്ചത്​. ഇന്നലെ അർധ സെഞ്ച്വറിയോടെ ക്രീസിൽ നിന്ന ​വെറ്ററൻ താരം റോസ്​ ടെയ്​ലർ റണ്ണൗട്ടായി. ഒപ്പം ക്രീസിലുണ്ടായിരുന്ന ടോം ലാതമാക​​ട്ടെ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ബൗണ്ടറി ലെയ്​നിലെ ക്യാച്ചിൽ പുറത്തായി. രവീ​ന്ദ്ര ജദേജയു​ടെ നേരിട്ടുള്ള ഏറിലാണ്​ ടെയ്​ലർ (74) റണ്ണൗട്ടായത്​. ബൗണ്ടറി ലെയ്​നിൽ മനോഹരമായി ജദേജ ടോം ലാതമിനെ (10) പിടികൂടിയത്​.

തുടക്കത്തിലെ തകർച്ചയ്​ക്കു​ ശേഷം ടീമിനെ കരകയറ്റിയത്​ ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസൻെറ അർധ സെഞ്ച്വറിയായിരുന്നു. സ്​കോറിങ്​ ദുഷ്​കരമായ പിച്ചിൽ ടോസ്​ നേടിയ കിവീസ്​ ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാറും ജസ്​പ്രീത്​ ബുംറയും തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്​സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ ബുംറ അത്യന്തം അപകടകാരിയായ മാർട്ടിൻ ഗപ്​റ്റിലിനെ വീഴ്​ത്തി. 14 പന്ത്​ കളിച്ചിട്ടും ഒരു റൺ മാത്രമെടുക്കാൻ പാടുപെട്ട ഗപ്​റ്റിലിനെ സ്​ലിപ്പിൽ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ കൈയിൽ എത്തിച്ചു.

സ്​കോർ 69 ൽ നിൽക്കെ 28 റൺസ്​ നേടിയ ഹെൻട്രി നിക്കോളാസിൻെറ വിക്കറ്റ്​ സ്​പിന്നർ രവീന്ദ്ര ജദേജ വീഴ്​ത്തി. ഓഫ്​ സ്​റ്റംപിന്​ പുറത്തു പിച്ച്​ ചെയ്​ത പന്ത്​ വെട്ടിത്തിരിഞ്ഞ്​ ബാറ്റിനും പാഡിനുമിടയിലൂടെ നിക്കോളാസിൻെറ കുറ്റി തെറിപ്പിച്ചു. തുടക്കത്തിൽ തന്നെ ഗപ്​റ്റിൽ പുറത്തായെങ്കിലും ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസൺ നിക്കോളാസുമായി ചേർന്ന്​ സുരക്ഷിതമാക്കുന്നതിനിടയിലാണ്​ ജദേജ തിരിച്ചടിച്ചത്​.

രണ്ടാം വിക്കറ്റിൽ നികോളാസ്​ - വില്യംസൺ സഖ്യം 68 റൺസാണ്​ കൂട്ടിച്ചേർത്തത്​. തുടക്കത്തിലെ തകർച്ചയിൽ നിന്ന്​ അർധ ശതകവുമായി ടീമിന്​ ആശ്വാസമേകിയ ക്യാപ്​റ്റൻ കെയ്​ൻ വില്ല്യംസണാണ്​ മൂന്നാമതായി പുറത്തായത്​. യുസ്​വേന്ദ്ര ചഹലിൻെറ പന്തിൽ രവീന്ദ്ര ജദേജ പിടിച്ചായിരുന്നു നായകൻെറ മടക്കം. 95 പന്തിൽ ആറ്​ ബൗണ്ടറി അടക്കം 67 റൺസാണ്​ വില്ല്യംസൺ എടുത്തത്​.

18 പന്തിൽ 12 റൺസെടുത്ത ജെയിംസ്​ നീഷാമിനെ ദിനേഷ്​ കാർത്തിക്കിൻെറ കൈയിലെത്തിച്ച​ ഹർദിക്​ പാണ്ഡ്യ നാലാം വിക്കറ്റ്​ വീഴ്​ത്തി. 10 പന്തിൽ 16 റൺസെടുത്ത കോളിൻ ഡി ഗ്രാൻഡ്​ഹോമാണ്​ ഭുവനേശ്വർ കുമാറിൻെറ പന്തിൽ ധോണി പിടിച്ച്​ അഞ്ചാമനായി പുറത്തായത്​.