അസം പൗരത്വ രജിസ്റ്റര്‍; പേര് ഉള്‍പ്പെടാത്ത പതിനാലുകാരി ആത്മഹത്യ ചെയ്തു

സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും തന്റെ പേര് ഉള്‍പ്പെടാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്

അസം പൗരത്വ രജിസ്റ്റര്‍; പേര് ഉള്‍പ്പെടാത്ത പതിനാലുകാരി ആത്മഹത്യ ചെയ്തു

അസം ദേശീയ പൗരത്വ രജിസ്്റ്ററില്‍ (എന്‍.ആര്‍.സി.) ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് പതിനാലുകാരി ആത്മഹത്യ ചെയ്തു. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും തന്റെ പേര് ഉള്‍പ്പെടാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അസ്സം സര്‍ക്കാര്‍ പുറത്തുവിട്ട കരട് പട്ടികയില്‍ നൂര്‍ നഹാമിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇതിനു ശേഷം ഇന്നലെ സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തുവിട്ട പ്രത്യേക ലിസ്റ്റിലും നൂറിന്റെ പേര് ഉള്‍പ്പെട്ടില്ല. ഈ പട്ടികയിലും പേര് ഉള്‍പ്പെടാതിരുന്നതില്‍ അതീവ ദുഃഖിതയായിരുന്നു നൂര്‍ എന്നും ബന്ധുക്കള്‍ പറയുന്നു.

പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്തവരെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി പുതിയൊരു പട്ടിക കൂടി ജൂലായ് 31ന് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അന്തിമ പട്ടികയാണെന്നായിരുന്നു നൂറും വീട്ടുകാരും ധരിച്ചിരുന്നത്. പട്ടികയില്‍ പേര് ഉള്‍പ്പെടാന്‍ ഇനിയും അവസരമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി ഇത്തരമൊരു കടുംകൈ ചെയ്യില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ നിരവധി ആശയക്കുഴപ്പങ്ങളുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട വിധത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അസ്സം മൈനനോരിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ നേതാവ് അബ്ദുള്‍ ഹായി ആരോപിച്ചു.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് ജരാങ് ജില്ലാ പോലീസ് സൂപ്രണ്ട് അമൃത് ഭുയാന്‍ പറഞ്ഞു. ആത്മഹത്യ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) ഇന്നലെ പുറത്തുവിട്ട പ്രത്യേക ലിസ്റ്റില്‍ 1,02,462 ആളുകള്‍ കൂടി പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം 40 ലക്ഷം പേരാണ് പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായത്.

Read More >>