കർണാടക സർക്കാറിനെ തകർക്കാൻ ബി.ജെ.പിയുടെ "ഓപ്പറേഷന്‍ ലോട്ടസ്": ഡി.കെ ശിവകുമാര്‍

കര്‍ണാടക സർക്കാറിനെ തകർക്കാൻ ബി.ജെ.പി വൻതോതിൽ പണവും മന്ത്രി സ്ഥാനവുമടക്കം വാ​ഗ്ദാനം ചെയ്തതായി ആരോപിച്ച് കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു.

കർണാടക സർക്കാറിനെ തകർക്കാൻ ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ടസ്: ഡി.കെ ശിവകുമാര്‍

കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍. ഇതിനായി ബി.ജെ.പി "ഓപ്പറേഷന്‍ ലോട്ടസ്" ആരംഭിച്ചതായും കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഒരു ഹോട്ടലില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

" കുതിരക്കച്ചടമാണ് ബി.ജെ.പി ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നത്. ഞങ്ങളുടെ മൂന്ന് എം.എല്‍.എമാർ ബി.ജെ.പി എം.എല്‍.എമാരോടും നേതാക്കളോടും കൂടി മുംബൈയിലെ ഒരു ഹോട്ടലില്‍ ഉണ്ട്. അവിടെ എന്താണ് നടക്കുന്നതെന്നും എന്തെല്ലാമാണ് അവര്‍ക്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഞങ്ങൾക്ക് നന്നായി അറിയാം"- ഡി.കെ ശിവകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അല്പം കരുണ കാണിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയുന്ന ചില സത്യങ്ങള്‍ പോലും അദ്ദേഹം പുറത്ത് പറയുന്നില്ല. ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനകളെപ്പറ്റി പല എം.എല്‍.എമാരും അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. സിദ്ധരാമയ്യയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കാത്തിരുന്ന് കാണാം എന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേർത്തു.

കര്‍ണാടക സർക്കാറിനെ തകർക്കാൻ ബി.ജെ.പി വൻതോതിൽ പണവും മന്ത്രി സ്ഥാനവുമടക്കം വാ​ഗ്ദാനം ചെയ്തതായി ആരോപിച്ച് കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. 2008ലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാറിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി പ്രതിപക്ഷ എം.എല്‍.എമാരെ പ്രലോഭിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി പദ്ധതിയായിരുന്നു ''ഓപ്പറേഷന്‍ ലോട്ടസ്''

Read More >>