ഗോഡ്‌സെ ഭീകരവാദിയെന്ന പ്രസ്താവന; കമല്‍ ഹാസനെതിരെ ചീമുട്ടയേറും കല്ലേറും

ആക്രമണത്തെ തുടര്‍ന്ന് നാളെ കോയമ്പത്തൂരിലും സുളൂരിലും നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ മാറ്റിവക്കണമെന്ന് കമല്‍ ഹാസനോട് പൊലീസ് ആവശ്യപ്പെട്ടു

ഗോഡ്‌സെ ഭീകരവാദിയെന്ന പ്രസ്താവന; കമല്‍ ഹാസനെതിരെ ചീമുട്ടയേറും കല്ലേറും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് നേരെ വീണ്ടും ആക്രമണം. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ അഞ്ജാതരായ രണ്ട് പേര്‍ കമല്‍ ഹാസന് നേരെ ചീമുട്ടയും കല്ലും എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് കമല്‍ ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. നേരെത്തെ മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് നാളെ കോയമ്പത്തൂരിലും സുളൂരിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ മാറ്റിവക്കണമെന്ന് കമല്‍ ഹാസനോട് പൊലീസ് ആവശ്യപ്പെട്ടു.

കമല്‍ ഹാസനെതിരെ കല്ലെറിഞ്ഞവരെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസ്, കമല്‍ ഹാസനെതിരെ കല്ലും ചീമുട്ടയും എറിഞ്ഞവരെ കസ്റ്റഡിയിലെടുത്തു.

അക്രമണത്തിന് പിന്നാലെ മറുപടിയുമായി കമല്‍ ഹാസന്‍ രംഗത്തെത്തി. സത്യം നിന്ദിക്കുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇതെന്ന് കമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെ എന്ന ഹിന്ദുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന കമലിൻെറ പരാമര്‍ശത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. കമല്‍ഹാസന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു

Read More >>