വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്ന പ്രതിപക്ഷ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

പല ബൂത്തുകളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പരാതി.

വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്ന പ്രതിപക്ഷ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഈ തെരഞ്ഞെടുപ്പില്‍ യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ വോട്ടിങ് യന്ത്രങ്ങളും സുരക്ഷിതമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടത്.

ഇന്ന് രാവിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് പരാതി നല്‍കുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്തതില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ ബോധിപ്പിച്ചു. പല ബൂത്തുകളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പരാതി. ബി.ജെ.പി ഭരണത്തിലുള്ള ഉത്തര്‍പ്രദേശിലും ബിഹാറിലും ഹരിയാനയിലും സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം പരാതിയുമായി കമ്മിഷനെ സമീപിച്ചത്.

വോട്ടെണ്ണുന്ന ദിവസം വരെ പ്രവര്‍ത്തകര്‍ സ്ട്രോങ് റൂമുകള്‍ക്ക് മുന്‍പില്‍ നിലയുറപ്പിക്കണമെന്നും വി.വിപാറ്റിലെ എണ്ണവും ഇ.വി.എമ്മിലെ എണ്ണവും കൃത്യമാണെന്നും ഓരോ ബൂത്തിലേയും പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More >>