കടല്‍ ക്ഷോഭം: തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നത് കൊണ്ട് ഈ തീരുമാനം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം

കടല്‍ ക്ഷോഭം: തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍

തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും.

മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നത് കൊണ്ട് ഈ തീരുമാനം നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും മന്ത്രിസഭാ തീരുമാനിച്ചു. കടല്‍ക്ഷോഭം കാരണം കടലില്‍ പോകരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിൽ തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചിരുന്നു. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദ്ദം രൂപമെടുത്തതാണ് കാരണം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് കനത്ത് മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ തെക്കന്‍തീരത്തും കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻെറ നിര്‍ദ്ദേശം.