ഓവലില്‍ കരുത്തുകാട്ടി ഇന്ത്യ; ഓസീസിന് 353 വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു.

ഓവലില്‍ കരുത്തുകാട്ടി ഇന്ത്യ; ഓസീസിന് 353 വിജയലക്ഷ്യം

ടോസ് നേടി ബാസ്റ്റിങിനിറങ്ങിയ ഇന്ത്യക്ക് പിഴച്ചില്ല. ഓപ്പണര്‍മാര്‍ മുതല്‍ കളത്തിലിറങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഒരുപോലെ ഫോം കണ്ടെത്തിയതോടെ ഇന്ത്യ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് 22-ാം ഓവറില്‍ രോഹിത് വീണത്. 70 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 57 റണ്‍സ് നേടിയ ശേഷമാണ് രോഹിത് നഥാന്‍ കോള്‍ട്ടര്‍ നൈലിന് വിക്കറ്റ് നല്‍കിയത്.

രോഹത് പോയതോടെ ധവാന് കൂട്ടായി ക്യാപ്റ്റന്‍ വിരാട് കോലിയെത്തി. സ്‌കോര്‍ 220-ല്‍ എത്തിയപ്പോള്‍ ധവാന്‍ വീണു. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. 109 പന്തില്‍ 16 ബൗണ്ടറികളുടെ അകമ്പടിയോടെ 117 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

ധവാന്‍ പുറത്തായതോടെ ബാറ്റങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ ഹര്‍ദിക്ക് പാണ്ഡ്യ തകര്‍ത്താടി. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 48 റണ്‍സെടുത്ത് പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നിരുന്നു. തുടര്‍ന്ന് കളത്തിലിറങ്ങിയ എം.എസ്.ധോണിയും ഓസീസ് ബോളര്‍മാരെ ഗൗനിച്ചില്ല. 14 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സെടുത്ത ധോണി അവസാന ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിന് റിട്ടണ്‍ ക്യാച്ച് നല്‍കി പുറത്തായി. പിന്നാലെ തന്നെ 77 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സുമടക്കം 82 റണ്‍സെടുത്ത കോഹ്ലിയും പുറത്തായി. രാഹുല്‍ 11 റണ്‍സോടെ പുറത്താകാതെ നിന്നു. ഓസീസിനായി സ്റ്റോയിനിസ് രണ്ട് വിക്കറ്റെടുത്തു.


Read More >>