തരൂരിനെ കാക്കാന്‍ ഹൈക്കമാന്റ്; പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

പ്രചാരണത്തില്‍ നേതാക്കളുടെ സഹകരണമില്ലെന്നു തരൂര്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയതിനു പിന്നാലെയാണ് തിരുവനന്തപുരം മണ്ഡലത്തെ പ്രത്യേകമായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചത്.

തരൂരിനെ കാക്കാന്‍ ഹൈക്കമാന്റ്;  പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണ രംഗത്തെ പാളിച്ചകള്‍ ഗൗരവത്തിലെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റ്. ഡോ.ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും പിഴവുകളില്ലാതെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ടു മേല്‍നോട്ടം വഹിക്കാനും കെ.പി.സി.സി നേതൃത്വത്തോടു ഹൈക്കമാന്റ് ആവശ്യപ്പെട്ടു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറി നില്‍ക്കുന്ന നേതാക്കളെ നേരില്‍ കണ്ടു വിശദീകരണം തേടാന്‍ എ.ഐ.സി.സി നിരീക്ഷകന്‍ നാനാ പഠോളയെ നിയോഗിച്ചതായും എ.ഐ.സി.സി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രചാരണത്തില്‍ നേതാക്കളുടെ സഹകരണമില്ലെന്നു തരൂര്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയതിനു പിന്നാലെയാണ് തിരുവനന്തപുരം മണ്ഡലത്തെ പ്രത്യേകമായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചത്. പ്രാദേശിക ഘടകങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പോലും പിന്നിട്ടില്ലെന്ന മാദ്ധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെ, ചില നേതാക്കള്‍ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയുടെ പരസ്യപ്രസ്താവനയും പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. തുടര്‍ന്നാണ് തിരുവനന്തപുരത്തെ സാഹചര്യം ഗൗരവത്തിലെടുക്കാനും മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കാനും നേതൃത്വം തീരുമാനിച്ചത്.

തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിന്റെ വിജയം ഉറപ്പാക്കാനായി പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നേരിട്ടെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം താന്‍ ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചതും കാര്യങ്ങള്‍ നേരായ വഴിയിലല്ല എന്നതു കൊണ്ടായിരുന്നു. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് കേന്ദ്ര നേതൃത്വം കര്‍ശന നിരീക്ഷണത്തിനു പഠോളയെ നിയോഗിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മണ്ഡലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്ഗരിക്കെതിരായി മത്സരിച്ച സ്ഥാനാര്‍ത്ഥിയായ പഠോള മികച്ച സംഘാടകരിലൊരാളാണ്.

മണ്ഡലത്തില്‍ പ്രചാരണ രംഗത്തു പ്രശ്‌നങ്ങളൊന്നുമില്ലെന്നും തരൂര്‍ പരാതി നല്‍കിയെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും പാര്‍ട്ടി നേതതൃത്വം പറയുമ്പോഴും തിരുവനന്തപുരത്തു കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള ജാഗ്രത തുടരുന്നു എന്നാണ് പ്രത്യേക നിരീക്ഷകനെ ഉള്‍പ്പെടെ നിയോഗിച്ചതിലൂടെ വ്യക്തമാവുന്നത്.

Read More >>