പ്രവാസികള്‍ പണം അയക്കുന്നതില്‍ വന്‍ ഇടിവ്; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ കുറവ്

ജി.സി.സി രാഷ്ട്രങ്ങളില്‍ സഊദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കുറവു പണം നാട്ടിലേക്കു വന്നത്.

പ്രവാസികള്‍ പണം അയക്കുന്നതില്‍ വന്‍ ഇടിവ്;  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെ മലയാളികളുടെ പ്രവാസത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാകുന്ന പ്രവണത മാറ്റമില്ലാതെ തുടരുന്നതിനിടെ നാട്ടിലേക്കയക്കുന്ന പണത്തിലും വന്‍ കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗള്‍ഫ് മേഖലയില്‍ നിന്നു മലയാളികള്‍ നിയമപ്രകാരം നാട്ടിലേക്കയച്ച പണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവു രേഖപ്പെടുത്തി. 2016നെ അപേക്ഷിച്ച് 12 ശതമാനം കുറവാണ് 2017ല്‍ ഉണ്ടായത്. 2018 ല്‍ 14 ശതമാനമായി വീണ്ടും കുറഞ്ഞു. ഗള്‍ഫ് പണത്തെ പ്രധാനമായും ആശ്രയിക്കുന്ന കേരളത്തിന്റെ സാമ്പത്തികമേഖലയ്ക്ക് ഇത് കനത്ത ആഘാതകമാകും.

ജി.സി.സി രാഷ്ട്രങ്ങളില്‍ സഊദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കുറവു പണം നാട്ടിലേക്കു വന്നത്. 2017ല്‍ അയച്ച പണത്തിന്റെ 73 ശതമാനം പോലും 2018ല്‍ മലയാളികള്‍ക്കു അയക്കാനായില്ല. അഞ്ചു വര്‍ഷത്തിനിടെ പ്രവാസത്തിലുണ്ടായ കുറവും ഒപ്പം സ്വദേശി വല്‍ക്കരണവുമാണ് പ്രവാസികളുടെ വരുമാനം കുറയാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് കുത്തനെ കുറയുന്ന പ്രവണത കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാറ്റമില്ലാതെ തുടരുകയാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

പ്രവാസികള്‍ ഏറെയുള്ള സഊദി അറേബ്യയിലെ സഊദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മെയ് മാസം തദ്ദേശീയരല്ലാത്തവര്‍ പണം അയച്ചതില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായി. മലയാളികളുള്‍പ്പെടെയുള്ള അന്യരാജ്യക്കാര്‍ ബാങ്കുമുഖേന അയച്ച പണത്തിന്റെ കണക്കു അടിസ്ഥാനപ്പെടുത്തിയാണ് ബാങ്ക് ഇതു വെളിപ്പെടുത്തിയത്.

2018 മെയ് മാസം സഊദി അറേബ്യയിലെ അന്യരാജ്യക്കാര്‍ 23,434 കോടി രൂപയാണ് അവരുടെ മാതൃരാജ്യത്തേക്കു ബാങ്കു മുഖേന അയച്ചത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തെ കണക്കനുസരിച്ച് ഇതു 18,364 കോടിയായി കുറഞ്ഞു. ഈ വര്‍ഷം തന്നെ ഫെബ്രുവരിയില്‍ ഇതു 17,736 കോടിയായിരുന്നു. നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് സ്ഥിരമല്ലെന്നും വരും മാസങ്ങളിലും പണക്കൈമാറ്റം കുറയുമെന്നാണ് ബാങ്ക് പ്രവചിക്കുന്നത്.

സ്വദേശിവല്‍ക്കരണം ഏറെ ബാധിച്ച സഊദിയില്‍ നിന്നുള്ള വരുമാനമാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ കുറഞ്ഞത്. സഊദി അറേബ്യന്‍ സാമ്പത്തിക ഏജന്‍സി(സാമ)യുടെ അര്‍ധ വാര്‍ഷിക കണക്കുകള്‍ പ്രകാരം പ്രവാസികള്‍ പണമയക്കുന്നതില്‍ സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനവിടെ ഇരുപതു ലക്ഷം അന്യരാജ്യക്കാര്‍ സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്നു സഊദി വിടേണ്ടി വന്നു. ഇതില്‍ മൂന്നിലൊന്നു ഇന്ത്യക്കാരും അതില്‍ തന്നെ 78 ശതമാനത്തോളം മലയാളികളുമാണെന്നു കണക്കുകള്‍ പറയുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 22.46 ലക്ഷം മലയാളികള്‍ പ്രവാസികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. യു.എ.ഇയില്‍ മാത്രം ഒമ്പതു ലക്ഷത്തിലേറെ മലയാളികളുണ്ട്. രണ്ടാം സ്ഥാനം സഊദി അറേബ്യയ്ക്കാണ്. 5.36 ലക്ഷം. സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടു പ്രകാരം 2018ല്‍ മാത്രം രണ്ടു ലക്ഷം പ്രവാസികള്‍ തിരികെ നാട്ടിലെത്തിയിട്ടുണ്ട്. ഇതു കൂടാനാണ് സാദ്ധ്യതയെന്നും പഠന റിപ്പോര്‍ട്ടു പറയുന്നു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പിടിച്ചു നില്‍ക്കുന്നത് പ്രവാസികളുടെ പണത്തിന്റെ കരുത്തുകൊണ്ടാണ്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ 15 ശതമാനവും പ്രവാസികളുടെ പണത്തില്‍ നിന്നുള്ളതാണ്.

പ്രവാസി മലയാളികള്‍ നാട്ടിലേക്കു അയച്ച പണത്തിന്റെ കണക്ക്

1998- 13,652 കോടി

2003- 18,465 കോടി

2008- 43,288 കോടി

2011- 49,695 കോടി

2014- 71,142 കോടി

2016- 63,289 കോടി

2018- 59,326 കോടി

Read More >>