ചെന്നൈയിയെ തോല്‍പ്പിച്ച് നാലാം കിരീടവുമായി മുബൈ

കൈവിട്ടെന്ന് മുംബൈ ഇന്ത്യന്‍സ് ആരാധകരും കൈപിടിയിലൊതുങ്ങിയെന്ന് ചൈന്നൈ ആരാധകരും കരുതിയ നിമിഷങ്ങളിലൂടെയായിരുന്നു അവസാന ഓവറുകള്‍.

ചെന്നൈയിയെ തോല്‍പ്പിച്ച് നാലാം കിരീടവുമായി മുബൈ

ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ വിജയം മുംബൈ ഇന്ത്യന്‍സിന്. മൂന്നു തവണ വീണു കിട്ടിയ ജീവനുമായി മുന്നേറിയ ഷെയ്ന്‍ വാട്‌സന്റെ വീര്യത്തില്‍ മുന്നോട്ടു നീങ്ങിയ ചൈന്നൈക്കാവട്ടെ പടപൊരുതി തോറ്റ ആത്മനിര്‍വൃതിയും. കൈവിട്ടെന്ന് മുംബൈ ഇന്ത്യന്‍സ് ആരാധകരും കൈപിടിയിലൊതുങ്ങിയെന്ന് ചൈന്നൈ ആരാധകരും കരുതിയ നിമിഷങ്ങളിലൂടെയായിരുന്നു അവസാന ഓവറുകള്‍. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യന്‍സ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്ന് നാലാം കിരീടം സ്വന്തമാക്കി.

59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. അവസാന ഓവറില്‍ റണ്ണൗട്ടായി മടങ്ങിയത് ചെന്നൈക്ക് തിരിച്ചടിയായി. മലിംഗ എറിഞ്ഞ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. ആദ്യ മൂന്ന് പന്തില്‍ നാല് റണ്‍സെടുത്തെങ്കിലും നാലാം പന്തില്‍ ഡബിള്‍ ഓടുന്നതിനിടയില്‍ വാട്‌സന്‍ റണ്ണൗട്ടായത്.

സുരേഷ് റെയ്ന എട്ട് റണ്‍സും റായിഡു ഒരു റണും ധോണി രണ്ട് റണ്‍സുമാണ് നേടിയത്. വാട്സണിന് മികച്ച പിന്തുണ നല്‍കിയ ബ്രാവോ 15 റണ്‍സുമായി പുറത്തായി. മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ്. ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചാഹറും ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് അവസരങ്ങള്‍ പലവട്ടം ലഭിച്ചെങ്കിലും ഫീല്‍ഡിങ്ങിലെ പിഴവ് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ബുംറ എറിഞ്ഞ 19-ാം ഓവറാണ് കളിയുടെ ഗതി മുംബൈയ്ക്ക് അനുകൂലമാക്കിയത്.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

രോഹിത് ശര്‍മയും (15) ക്വിന്റന്‍ ഡി കോക്കും ചേര്‍ന്ന് 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്ഥിരതയാര്‍ന്ന ബൗളിങ് കാഴ്ചവെച്ച ചെന്നൈ ടീമിന് മുന്നില്‍ ഓരോരുത്തരായി കൂടാരം കയറി. സൂര്യ കുമാര്‍ യാദവ്? (15), ഇഷാന്‍ കിഷന്‍(23) ഹര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ശ്രദ്ധുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി.

Read More >>