രാഷ്ട്രീയ നേതാവുമായി ബന്ധം, കേസുകള്‍ പരിഗണിക്കുന്നതില്‍ വീഴ്ച; താഹില്‍ രമണിക്കെതിരെയുള്ള കൊളീജിയം കണ്ടെത്തൽ പുറത്തുവിട്ട് ദി ഇന്ത്യന്‍ എക്‌സപ്രസ്സ്

മദ്രാസ് ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാരുമായി വിപുലമായ കൂടിയാലോചന നടത്തിയ ശേഷമാണ് കൊളീജിയം തീരുമാനത്തിലെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

രാഷ്ട്രീയ നേതാവുമായി ബന്ധം, കേസുകള്‍ പരിഗണിക്കുന്നതില്‍ വീഴ്ച; താഹില്‍ രമണിക്കെതിരെയുള്ള കൊളീജിയം കണ്ടെത്തൽ പുറത്തുവിട്ട് ദി ഇന്ത്യന്‍ എക്‌സപ്രസ്സ്

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍ രമണിയുടെ സ്ഥലം മാറ്റത്തിനിടയാക്കിയത് ജോലിയിലെ അനാസ്ഥയെന്ന് കൊളിജീയം റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ദി ഇന്ത്യന്‍ എക്‌സപ്രസ്സ് പുറത്തുവിട്ടു. താഹില്‍ രമണിയെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ ആറിന് അവർ രാജിവെയ്ക്കുകയും ശനിയാഴ്ച രാഷ്ട്രപതി അത് അം​ഗീകരിക്കുകയും ചെയ്തിരുന്നു. താഹിർ രമണിക്ക് പകരം ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വി കോത്താരിയായാണ് നിയമിച്ചത്.

കേസുകള്‍ പരിഗണിക്കുന്നതില്‍ ജസ്റ്റിസ് താഹില്‍ രമണി വീഴ്ച വരുത്തിയെന്ന് കൊളീജിയം കണ്ടെത്തിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാരുമായി വിപുലമായ കൂടിയാലോചന നടത്തിയ ശേഷമാണ് കൊളീജിയം തീരുമാനത്തിലെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട് ഭരണകക്ഷിയിലെ നേതാവുമായുള്ള അടുപ്പവും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്താതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗുരുതര വീഴ്ചയായും കൊളീജിയം ചൂണ്ടിക്കാണിക്കുന്നു. പ്രധാനപ്പെട്ട നാലു കാരണങ്ങളാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് കൊളിജീയം റിപ്പോര്‍ട്ട്.

ജ. തഹില്‍ രമണിയെ മേഘാലയയിലേക്ക് സ്ഥലം മാറ്റാനുള്ള ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ കൊളീജിയത്തിന്റെ തീരുമാനത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കലാപക്കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട അപൂര്‍വ്വം കേസുകളില്‍ ഒന്നായ ബില്‍ഖീസ് ബാനു കേസിൽ വിധി പറഞ്ഞത് തഹില്‍ രമണിയാണ്. 2017ല്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് കൂട്ടമാനഭംഗക്കേസില്‍ അവര്‍ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ജ. താഹില്‍ രമണിയെ സ്ഥലം മാറ്റിയതിന് പിന്നിലെ കാരണങ്ങൾ

1) രാജ്യത്തെ തിരക്കേറിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ വളരെ കുറച്ച് സമയം മാത്രമാണ് കേസുകള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് താഹില്‍ രമണി ചെലവഴിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കേസുകള്‍ പരിഗണിച്ചിരുന്നില്ല. ഇത്തരം അനാസ്ഥകൾ മറ്റ് ജഡ്ജിമാരിലും സ്വാധീനം ചെലുത്തി.

2) പ്രത്യേക ബഞ്ച് ഏകപക്ഷീയമായി പിരിച്ചുവിട്ടുവെന്നാണ് മറ്റൊരു കണ്ടെത്തൽ. തമിഴ്‌നാട് ഹൈക്കോടതിയില്‍ വിഗ്രഹ മോഷണക്കേസുകള്‍ പരിഗണിക്കുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജി പ്രത്യേക രണ്ടം​ഗ ബെഞ്ച് രൂപീകരിച്ചിരുന്നു. ഈ ബെഞ്ച് ഏകപക്ഷീയമായാണ് താഹില്‍ രമണി കഴിഞ്ഞ ജൂൺ നാലിന് പിരിച്ചുവിട്ടത്. ഇത് ഗുരുതര കൃത്യവിലോപമായാണ് കൊളിജീയം വിലയിരുത്തൽ.

3) തമിഴ്‌നാട്ടിലെ ഭരണകക്ഷിയില്‍പെട്ട രാഷ്ട്രീയ നേതാവുമായുള്ള അടുപ്പവും സ്ഥലംമാറ്റത്തിന് കാരണമായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

4) ചെന്നൈയില്‍ താഹില്‍ രമണി രണ്ട് അപാര്‍ട്‌മെന്റുകള്‍ വാങ്ങിയെന്നതും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നതും ഗുരുതര വീഴ്ചയായി കൊളീജിയം ചൂണ്ടിക്കാണിക്കുന്നു. ഹൈക്കോടതിയിലെ 58 ജഡ്ജുമാരില്‍ 15 പേര്‍ തങ്ങളുടെ ആസ്ഥി വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റില്‍ താഹിര്‍ രമണിയുടെ പേരില്ല. പല തവണ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.


Read More >>