കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി

സ്പീക്കർ സുപ്രിം കോടതിയുടെ അധികാരം ചോദ്യം ചെയ്യുകയാണൊ എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.

കര്‍ണാടകയില്‍  തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി

സിദ്ദീഖ് കെ

ന്യൂഡൽഹി: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജി കത്തിന്റെ കാര്യത്തിലും അയോഗ്യത സംബന്ധിച്ചും തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി. രാജി കത്തിന്റെ കാര്യമാണോ അയോഗ്യതയാണോ ആദ്യം പരിഗണിക്കേണ്ടത് എന്ന വിഷയമാണ് കോടതി ചർച്ച ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. ഹർജികളിൽ വിശദമായി വാദം കേൾക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

വിമത എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കർ ഇതുവരെയും തീരുമാനം എടുത്തില്ലെ എന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചു.സ്പീക്കർ സുപ്രിം കോടതിയുടെ അധികാരം ചോദ്യം ചെയ്യുകയാണൊ എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.

ഭരണകക്ഷിയായ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിലുൾപ്പെട്ട എം.എൽ.എമാർ തങ്ങളുടെ രാജി സ്പീക്കർ രമേഷ് കുമാർ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഇന്നലെ വൈകുന്നേരം എം.എൽ.എമാരുടെ രാജികാര്യത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി സ്പീക്കർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒറ്റ രാത്രികൊണ്ട് രാജിക്കത്തുകൾ പരിശോധിച്ചു തീരുമാനമെടുക്കാൻ തനിക്ക് ഇടിമിന്നലിന്റെ വേഗമില്ല എന്നായിരുന്നു സ്പീക്കർ ഇന്നലെ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി. എന്നാൽ, സ്പീക്കറുടെ വാർത്ത സമ്മേളനം കോടതി വിധിയുടെ ലംഘനമാണെന്ന് എം.എൽ.എമാർക്കു വേണ്ടി ഹാജരായ മുകുൾ റോത്തഗി ഇന്ന് കോടതിയിൽ വാദിച്ചു. അതേസമയം, സ്പീക്കർക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിനെ അഭിഷേക് മനു സിങ്‌വി കോടതിയിൽ എതിർത്തു. എന്നാൽ, ചീഫ് ജസ്റ്റിസ് റോത്തഗിയോട് വാദം തുടരാൻ ആവശ്യപ്പെട്ടു. എം.എൽ.എമാരെ അയോഗ്യരാക്കാനാണ് സ്പീക്കർ രാജിയിൽ തീരുമാനം വൈകിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ അയോഗ്യതയിൽ തീരുമാനം വിലക്കണമന്നും റോത്തഗി പറഞ്ഞു. അല്ലെങ്കിൽ സ്പീക്കർക്ക് എതിരെ കോടതി അലക്ഷ്യ നോട്ടീസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, തീരുമാനം എടുക്കാൻ സ്പീക്കർക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് സിംഗ്വി വാദിച്ചു. അയോഗ്യത ഒഴിവാക്കാൻ ആണ് എം.എൽ.എമാർ രാജിവെക്കുന്നതെന്നും സിംഗ്വി പറഞ്ഞു. ആദ്യ രാജി കത്ത് നേരിട്ട് അല്ല കൈമാറിയത്. ഇത് ഇന്നലെ എം.എൽ.എമാർ പറഞ്ഞത് വീഡിയോവിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് പേർക്ക് അയോഗ്യത നോട്ടീസ് അയച്ചിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു. നിയമസഭയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സിംഗ്വി വാദിച്ചു.

Read More >>