കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്; ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു

പാര്‍ട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം.

കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്;  ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ (എം) പുതിയ ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ പാര്‍ട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം.

പാര്‍ട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിതമാര്‍ഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാന്‍സ് അസോസിയേഷന്‍ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉള്‍പ്പെടെ എല്ലാവരെയും അറിയിച്ചിട്ടിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഭാഗത്തു നിന്നു പ്രതിഷേധത്തിനു സാധ്യതയുള്ളതിനാല്‍ത്തന്നെ, സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തി വിട്ടത്. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജോസ് കെ.മാണിയെ ആനയിച്ചു കൊണ്ടുപോകാനുള്ള വാഹനം ഉള്‍പ്പെടെ തയാറായിരുന്നു. അടച്ചിട്ട ഹാളിലായിരുന്നു യോഗം.

മുതിര്‍ന്ന നേതാവ് സി.എഫ്.തോമസ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. പി.ജെ.ജോസഫ് തൊടുപുഴയില്‍ തുടരുകയാണ്. വൈകിട്ടു തിരുവനന്തപുരത്തേക്കു പോകും.

കെ.എം.മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ.മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.

Read More >>