തരംഗമുണ്ട്, പക്ഷേ; ആരെ തുണയ്ക്കുമെന്ന ആശങ്കയിൽ മൂവരും

പോളിങ് വർദ്ധനവ് തന്നെയാണ് മൂന്നു മുന്നണികളുടെയും കണക്കു കൂട്ടലുകൾക്കാധാരം. ശബരിമല വിഷയത്തിലെ അടിയൊഴുക്ക്, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണം, പുതിയ വോട്ടർമാർ തുടങ്ങിയവയാണ് പോളിങ് വർദ്ധനയ്ക്കിടയാക്കിയതെന്ന നിഗമനം പൊതുവേ എല്ലാവർക്കുമുണ്ട്.

തരംഗമുണ്ട്, പക്ഷേ; ആരെ തുണയ്ക്കുമെന്ന   ആശങ്കയിൽ മൂവരും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് ശതമാനം തരംഗലക്ഷണമാണെന്ന കാര്യത്തിൽ മൂന്നു മുന്നണികൾക്കും തർക്കമില്ല. എന്നാൽ അതാരെ തുണയ്ക്കുമെന്നതിലുള്ള ആശങ്ക ചെറുതല്ലാതെ എല്ലാവരെയും അലട്ടുന്നു. 2014ലെ 74.04 ശതമാനത്തിൽ നിന്നു 77.68 ശതമാനത്തിലേക്കുള്ള കുതിപ്പ് തങ്ങളെ തുണയ്ക്കുമെന്നു, പഴയ കണക്കുകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ 2004 ആവർത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി. അതേസമയം, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്കനുകൂലമായി കാറ്റുവീശിയെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

പോളിങ് വർദ്ധനവ് തന്നെയാണ് മൂന്നു മുന്നണികളുടെയും കണക്കു കൂട്ടലുകൾക്കാധാരം. ശബരിമല വിഷയത്തിലെ അടിയൊഴുക്ക്, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണം, പുതിയ വോട്ടർമാർ തുടങ്ങിയവയാണ് പോളിങ് വർദ്ധനയ്ക്കിടയാക്കിയതെന്ന നിഗമനം പൊതുവേ എല്ലാവർക്കുമുണ്ട്. ഈ ഘടകങ്ങൾ ആർക്കനുകൂലമാകുന്നു എന്നതിനെ ആശ്രയിച്ചാണ് മുന്നണികളുടെ ജയസാദ്ധ്യതകൾ.

ശബരിമല വിഷയം തന്നെ

മദ്ധ്യ-തെക്കൻ കേരളത്തിലെങ്കിലും ശബരിമല നിർണായകമായ സ്വാധീനം ചെലുത്തിയെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി നേതൃത്വം. എന്നാൽ അതൊരു തരംഗമാകാനുള്ള കാരണമായി അവർ കരുതുന്നുമില്ല. സ്ത്രീവോട്ടർമാരുൾപ്പെടെ കൂട്ടത്തോടെ ബൂത്തിലെത്തിയത് എന്തിന്റെ പേരിലാവാം എന്നത് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, പത്തനംതിട്ട, ആലത്തൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ ശക്തമായ സാന്നിദ്ധ്യം തങ്ങളെ തളർത്തുമോ എന്നതാണ് സി.പി.എമ്മിനെ ആകുലപ്പെടുത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്. കണ്ണൂർ മണ്ഡലങ്ങളിൽ ശബരിമല വിഷയം നന്നായി സ്വീധീനിക്കപ്പെട്ടു എന്നാണ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിന്റെ കീഴ്ഘടകങ്ങൾ നൽകിയ സൂചന. എന്നാൽ ഈ മണ്ഡലങ്ങളിൽ ശബരിമല വിഷയത്തിലെ ഏകീകരണം ബി.ജെ.പിക്കനുകൂലമായാൽ അതു ഫലത്തിൽ തങ്ങളെ തുണയ്ക്കുമെന്നും സി.പി.എം കരുതുന്നു. ശബരിമലയുടെ പേരിൽ സ്വാധീനിക്കപ്പെടാവുന്ന നിഷ്പക്ഷ വോട്ടുകളിൽ ഭൂരിഭാഗവും എൻ.ഡി.എ പക്ഷത്തേക്കു തിരിഞ്ഞാൽ യു.ഡി.എഫ് പ്രതീക്ഷകൾ പൂർണമായും തകരുമെന്നമാണ് ഇടതു കേന്ദ്രങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. എന്തായാലും ശബരിമല വിഷയം നിർണായകമെന്നു സമ്മതിക്കുമ്പോഴും അതു തരംഗമാവാനുള്ള സാദ്ധ്യത സി.പി.എം തള്ളിക്കളയുന്നു.

അടിയൊഴുക്കുകൾ തുണയ്ക്കും

ശബരിമല വിഷയത്തോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ ദ്രുവീകരണം പൂർണതോതിൽ സാദ്ധ്യമാക്കാനായി എന്നതിലാണ് യു.ഡി.എഫ് അമിതപ്രതീക്ഷ വെച്ചുപുലർത്തുന്നത്. 'മോദിക്കു പകരം രാഹുൽ'എന്ന മുദ്രാവാക്യത്തിന് ന്യൂനപക്ഷ മേഖലയിൽ വർദ്ധിച്ച തോതിലുള്ള സ്വീകാര്യതയുണ്ടാക്കാനായി. അതു വോട്ടായി പ്രതിഫലിച്ചാൽ 14-16 സീറ്റുകളിലേക്കു തങ്ങളുയരുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പോളിങ് വർദ്ധിച്ച കാലത്തെ ചരിത്രം ഇതിനു തെളിവായി അവർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഇടതുമുന്നണിക്കും എതിരായ വോട്ടുകൾ വിഭജിച്ചു ബി.ജെ.പി പക്ഷത്തേക്കു കൂടുതൽ ചായുന്നത് യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ ഈ രസതന്ത്രം യു.ഡി.എഫിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ന്യൂനപക്ഷ പിന്തുണയിൽ ചില മണ്ഡലങ്ങളിലെങ്കിലും ഉണ്ടായേക്കാവുന്ന അടിയൊഴുക്കുകൾ തങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നും യു.ഡി.എഫ് ചിന്തിക്കുന്നു. കൊല്ലം, കണ്ണൂർ മണ്ഡലങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ ദ്രുവീകരണം സംഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണഭോക്താവ് ഇടതുപക്ഷമാകുമോ എന്നതാണ് യു.ഡി.എഫിനെ അലട്ടുന്ന പ്രശ്‌നം. മറ്റിടങ്ങളിലില്ലാത്ത വിധം ഈ രണ്ടു മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരായി സി.പി.എം നടത്തിയ 'ബി.ജെ.പി ബന്ധ'ആരോപണം ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചാൽ രണ്ടിടത്തും ഫലം മറിച്ചാവുമെന്നു യു.ഡി.എഫ് ഭയപ്പെടുന്നു. എൻ.കെ പ്രേമചന്ദ്രനും കെ.സുധാകരനും എതിരെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സി.പി.എം ഈ വിധമുള്ള ആരോപണങ്ങൾ ഉന്നയിച്ചത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ മറ്റു മണ്ഡലങ്ങളിൽ സമാനമായ ഭീതി യു.ഡി.എഫിനില്ലതാനും. പുതിയ വോട്ടർമാർ ഇടതിനേക്കാൾ തങ്ങളോടൊപ്പമാണെന്നും യു.ഡി.എഫ് പറയുന്നു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും അനുഭാവം നേടിയെടുക്കാനായെന്നും നേതാക്കൾ പറയുന്നു.

സ്ത്രീ വോട്ടർമാരുടെ സാന്നിദ്ധ്യം

ശബരിമല വിഷയം ഇക്കുറി തങ്ങൾക്കു അക്കൗണ്ടു തുറന്നു തരും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും സ്ത്രീവോട്ടർമാരുടെ ഒഴുക്കും പോളിങിലെ വർദ്ധനവും തങ്ങൾക്കനുകൂലമാണെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. ഈ രണ്ടു മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷ വെച്ചു പുലർത്തുമ്പോൾ തന്നെ മറ്റിടങ്ങളിൽ വോട്ടു വർദ്ധനവാണ് പാർട്ടി ലക്ഷ്യമിടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 15 ശതമാനം കടന്നു 19 വരെ എത്തുമെന്നാണ് നേതാക്കളുടെ അവകാശവാദം. ബി.ജെ.പി വോട്ടുകൾ കൂടിയാലും കുറഞ്ഞാലും അതു ബാധിക്കുക ഇടതു-വലതു മുന്നണികളെയാണ്. എന്നാൽ വടക്കൻ ജില്ലകളിൽ പ്രചാരണത്തിലുൾപ്പെടെ പ്രകടമായ അലസത വോട്ടുശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന ബി.ജെ.പിക്കു തിരിച്ചടിയായേക്കും എന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. കൂട്ടിയും കിഴിച്ചും, ഫലപ്രഖ്യാനം വരെ ആത്മവിശ്വാസം കൈവിടാതെ സൂക്ഷിക്കുകയാണ് എല്ലാവരും.

Read More >>