കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഹൈക്കമാണ്ട്

കെ.പി.സി.സി മുന്‍കൈ എടുത്ത് നടപ്പിലാക്കിയ 'എന്റെ ബൂത്ത്, എന്റെ അഭിമാനം' പദ്ധതിയുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും ഹൈക്കമാന്റ് അനുവാദം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഹൈക്കമാണ്ട്

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ 'പ്രോഗസ്സ് കാര്‍ഡ്' തയ്യാറാക്കാന്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശം. ബൂത്തുകളിലെ വോട്ടുനിലയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം വിലയിരുത്തുക. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കമാന്റ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.പി.സി.സി പുനസംഘടന നടത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനിലയുമായി താരതമ്യപ്പെടുത്തി പ്രവര്‍ത്തന മികവ് വിലയിരുത്താനാണ് നീക്കം. പ്രവര്‍ത്തിക്കാത്ത നേതാക്കളെ ചുമതലകളില്‍ നീക്കം ചെയ്യണമെന്നും ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഈ കാര്യങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ധരിപ്പിച്ചതായാണ് സൂചന.

കെ.പി.സി.സി മുന്‍കൈ എടുത്ത് നടപ്പിലാക്കിയ 'എന്റെ ബൂത്ത്, എന്റെ അഭിമാനം' പദ്ധതിയുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും ഹൈക്കമാന്റ് അനുവാദം നല്‍കിയിട്ടുണ്ട്. സ്വന്തം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താതെ മറ്റിടങ്ങളില്‍ ക്യാമ്പ് ചെയ്ത നേതാക്കള്‍ക്കെതിരെയും നടപടി ഉണ്ടാകും. ബൂത്തുകളിലെ വോട്ടുനില നേരിട്ട് പരിശോധിക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഈ കാര്യം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരുമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.

അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാകുമെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിനുള്ളത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും രാഹുല്‍ തരംഗവും സഹായകരമായിട്ടുണ്ട്. ചില നേതാക്കള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ഹൈക്കമാന്റിന് ലഭിച്ചതായാണ് സൂചന. ഇത്തരം പരാതികള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് തത്സമയത്തോട് പറഞ്ഞു. എ.ഐ.സി.സിയുടെ ഓണ്‍ലൈന്‍ അംഗത്വ വിതരണ പദ്ധതിയായ 'ശക്തി' സംസ്ഥാനത്ത് സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ ഓണ്‍ലൈന്‍ അംഗത്വ വിതരണം സഹായകരമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും 'ശക്തി' വ്യാപകമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Read More >>