ഉന്നാവ് വാഹനാപകടം: കൊലക്കുറ്റം ചുമത്താതെ കുല്‍ദീപ് സിങ് സെന്‍ഗാറിതിരെ സിബിഐ കുറ്റപത്രം

കുൽദീപ് സെൻഗാറാണ് അപകടത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതോടെ സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം വേ​ഗത്തിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.

ഉന്നാവ് വാഹനാപകടം: കൊലക്കുറ്റം ചുമത്താതെ കുല്‍ദീപ് സിങ് സെന്‍ഗാറിതിരെ സിബിഐ കുറ്റപത്രം

ഉന്നാവ് ബലാത്സം​ഗക്കേസിലെ ഇരയുൾപ്പെട്ട വാഹനാപകട കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി മുൻ എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗാറിനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതെങ്കിലും ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ലക്‌നൗയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റ പത്രത്തിൽ ചേർത്തിട്ടുള്ളത്.

അപകടം നടന്നത് അശ്രദ്ധ കൊണ്ടാണെന്നും സംഭവം സമത്ത് ശക്തമായ മഴപെയ്തിരുന്നുവെന്നുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ട്രക്ക് ഡ്രെെവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം ട്രക്ക് ഡ്രൈവർ ആശിഷ് കുമാർ പാലിനെതിരെ അശ്രദ്ധമൂലം മരണം വരുത്തുക, മറ്റുള്ളവരുടെ ജീവൻ അല്ലെങ്കിൽ വ്യക്തി സുരക്ഷ എന്നിവ അപകടത്തിലാക്കുന്ന തരത്തിലുള്ള അപകടപരമായ ഡ്രൈവിംഗ്, അമിത വേ​ഗം എന്നീ കുറ്റങ്ങൾ ചുമത്തിയതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ പ്രതിയായ കുൽദീപ് പീഡനക്കേസിൽ ഒരുവർഷക്കാലമായി ജയിലിലാണ്. തൻെറ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഉത്തർപ്രദേശിലെ റായ്ബറേലിയിൽവച്ച് ജൂലൈ 28ന് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിക്കുകയും ചെയ്തു.

കുൽദീപ് സെൻഗാറാണ് അപകടത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതോടെ സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം വേ​ഗത്തിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ കാറുമായി കൂട്ടിയിടിച്ച ട്രക്ക് പോലീസ് കണ്ടെത്തി. ഈ സമയം ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരും അപകട സമയത്ത് ഒപ്പം ഉണ്ടാകാതിരുന്നതും ദുരൂഹതയാണ്.

Read More >>