ശ്രീലങ്കന്‍ സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു

സ്‌ഫോടന പരമ്പരയില്‍ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചു. നേരത്തെ നൂറുപേര്‍ കൂടി അധികമായി കണക്കാക്കിയിരുന്നു. അഞ്ഞൂറോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനം: മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു. കൊളംബോ ഷാങ്ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് മുഹമ്മദ് സഹ്രാന്‍ ഹാഷിം എന്ന ഭീകരന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

അതിനിടെ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരുടെ ചിത്രങ്ങളും പേരുകളുമാണ് പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

സ്‌ഫോടന പരമ്പരയില്‍ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചു. നേരത്തെ നൂറുപേര്‍ കൂടി അധികമായി കണക്കാക്കിയിരുന്നു. അഞ്ഞൂറോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഗന്ധവ്യഞ്ജന വ്യാപാരി മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായ പിതാവ്. ഇയാളുടെ മക്കളായ ഇല്‍ഹാം അഹമ്മദും ഇസ്മത് അഹമ്മദും ചാവേറുകളായി ഹോട്ടലുകളില്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കു ചെന്നപ്പോള്‍ ഇല്‍ഹാമിന്റെ ഭാര്യയും സ്‌ഫോടകവസ്തുക്കള്‍ക്കു തീ കൊളുത്തി ചാവേറായി മരിച്ചിരുന്നു. പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ശ്രീലങ്കയില്‍ വ്യാപക റെയ്ഡുകള്‍ തുടരുകയാണ്. രാത്രിയിലും കര്‍ഫ്യൂവിന് അയവില്ല. അന്വേഷണത്തില്‍ സഹായിക്കാന്‍ യുഎസില്‍ നിന്ന് എഫ്ബിഐയുടെയും ബ്രിട്ടനില്‍ നിന്നു സ്‌കോട്ലന്‍ഡ് യാര്‍ഡിന്റെയും സംഘങ്ങളെത്തിയിട്ടുണ്ട്.

മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഹാഷിമിന് ഇന്ത്യയിലും അനുയായികളുണ്ടെന്നാണ് വിവരം. ചാവേറുകളുടേതെന്ന പേരില്‍ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ദൃശ്യങ്ങളിലാണ് മുഖം മറയ്ക്കാത്ത ഭീകരന്‍ മുഹമ്മദ് സഹറാനെ ശ്രീലങ്കന്‍ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ നേതൃത്വത്തില്‍ വന്‍ ആക്രമണപദ്ധതികള്‍ തയാറാവുന്നതായി ഏപ്രില്‍ 11ന് ഇന്ത്യ കൈമാറിയ രഹസ്യാന്വേഷണ രേഖ വ്യക്തമാക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഐ.എസ് കേസ് പ്രതികളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്ത്യ കൈമാറിയിരുന്നു.