ലെനിൻ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

ചികിത്സാചെലവ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൃതദേഹം വിട്ട് നൽകുന്നതിൽ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

ലെനിൻ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത് എത്തിക്കും. കരൾ രോഗത്തെ തുടർന്ന് ചെന്നെെയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

തുടർന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നും എംബാം ചെയ്ത ശേഷം വൈകിട്ട് നാല് മണിക്കുള്ള വിമാനത്തിലാവും മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുക. തുടർന്ന് ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദർശനത്തിന് വെയ്ക്കും.

നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാചെലവ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൃതദേഹം വിട്ട് നൽകുന്നതിൽ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. 1981 ല്‍ പുറത്തിറങ്ങിയ വേനലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലചിത്രം. ദൈവത്തിന്റെ വികൃതികള്‍, മീന മാസത്തിലെ സൂര്യന്‍, മഴ, സ്വാതി തിരുനാള്‍, കുലം, വചനം, പുരാവൃത്തം, മകരമഞ്ഞ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലചിത്രങ്ങള്‍.

Read More >>