മാലെഗാവ്​ സ്​ഫോടന കേസ്​ പ്രതി സാധ്വി പ്രജ്ഞ സിങ്​ ഠാക്കൂർ ബി.ജെ.പിയിൽ, ഭോപ്പാലിൽ മത്സരിച്ചേക്കും

മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന്​ കോൺഗ്രസ്​ സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ്​ വിജയ്​ സിങ്ങിനെതിരെ മൽസരിക്കുമെന്നും ഠാക്കൂർ അറിയിച്ചു

മാലെഗാവ്​ സ്​ഫോടന കേസ്​ പ്രതി സാധ്വി പ്രജ്ഞ സിങ്​ ഠാക്കൂർ ബി.ജെ.പിയിൽ, ഭോപ്പാലിൽ മത്സരിച്ചേക്കും

ഭോപ്പാൽ: 2008ലെ മാലെഗാവ് സ്‌ഫോടന കേസ് പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, രാംലാല്‍ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്ന വിവരം പ്രജ്ഞ ഠാക്കൂര്‍ അറിയിച്ചത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെതിരെ മല്‍സരിക്കുമെന്നും ഠാക്കൂര്‍ അറിയിച്ചു. കാവി തീവ്രവാദം ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ബി.ജെ.പിയെ പതിവായി വിമര്‍ശിച്ചിരുന്ന നേതാവാണ് ദ്വിഗ് വിജയ് സിങ്.

ഔദ്യോഗികമായി താന്‍ ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്യും. അത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും ഠാക്കൂര്‍ വ്യക്തമാക്കി.

2008 ഒക്‌ടോബര്‍ 29ന് മഹാരാഷ്ട്രയിലെ മാലെഗാവില്‍ മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രജ്ഞ ഠാക്കൂറിനൊപ്പം കേണല്‍ പുരോഹിതും കേസില്‍ പ്രതിയായിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

Read More >>