വോട്ടിനു ശേഷം റാലി നടത്തി മോദി: കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

വോട്ട് ചെയ്തശേഷം മോദി ബൂത്തിനു സമീപത്തുകൂടി തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയിരുന്നു. വോട്ടര്‍മാര്‍ക്കിടയിലൂടെ നടന്ന മോദി മാദ്ധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. രാജ്യസുരക്ഷയും തീവ്രവാദവുമടക്കമുള്ള വിഷയങ്ങളാണ് മോദി സംസാരിച്ചത്

വോട്ടിനു ശേഷം റാലി നടത്തി മോദി: കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ വൈകുന്നേരം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കമ്മിഷന്‍ അറിയിച്ചു.

വോട്ട് ചെയ്തശേഷം മോദി ബൂത്തിനു സമീപത്തുകൂടി തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയിരുന്നു. വോട്ടര്‍മാര്‍ക്കിടയിലൂടെ നടന്ന മോദി മാദ്ധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. രാജ്യസുരക്ഷയും തീവ്രവാദവുമടക്കമുള്ള വിഷയങ്ങളാണ് മോദി സംസാരിച്ചത്.

തീവ്രവാദത്തിന്റെ ആയുധം ബോംബാണെന്നും അതു പോലെ ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐ.ഡി ആണെന്ന് മോദി പറഞ്ഞിരുന്നു. കുംഭമേളയില്‍ ഗംഗയില്‍ മുങ്ങുന്ന പ്രതീതിയാണ് വോട്ട് ചെയ്തപ്പോള്‍ തനിക്കുണ്ടായതെന്നും മോദി പറഞ്ഞു. ഇത് രാഷ്ട്രീയ പ്രചാരണമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. രാജ്യസുരക്ഷയുടെ പേരിലും ബാലക്കോട്ട് ആക്രമണത്തിന്റെ പേരിലും മോദി ബി.ജെ.പിക്കായി വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ഇതില്‍ പ്രതിപക്ഷം പരാതി നല്‍കിയെങ്കിലും കമ്മിഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Read More >>