ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ എന്തിനാണ് ധൃതിപിടിക്കുന്നത്; മുല്ലപ്പള്ളി

ഒരു ചർച്ചയും നടത്താതെയാണ് സർക്കാർ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് റിപ്പോർട്ട് നടപ്പിലാക്കുന്നതെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ എന്തിനാണ് ധൃതിപിടിക്കുന്നത്; മുല്ലപ്പള്ളി

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാൻ സർക്കാർ ധൃതിപിടിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു ചർച്ചയും നടത്താതെയാണ് സർക്കാർ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് റിപ്പോർട്ട് നടപ്പിലാക്കുന്നതെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്. പൊതു സമൂഹത്തിനോ വിദ്യാഭ്യാസ വിദഗ്ദ്ധർക്കോ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ പോലും സമയം ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് ഏത് തരത്തിലുള്ള ഗുണപരമായ മാറ്റമാണ് ഇത് ഉണ്ടാക്കുകയെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ വിഷയം നിയമസഭയിൽ സമഗ്രമായി ചർച്ച ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരം ന്യായമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്തിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമം ശരിയായ നടപടിയല്ല. വിദ്യാർത്ഥി സമരത്തിന് കെ.പി.സി.സിയുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Read More >>