നസീറിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നില്‍ ജയരാജന്‍: കെ. മുരളീധരന്‍

അക്രമികളുടെ പേരുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തില്‍ ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു

നസീറിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നില്‍ ജയരാജന്‍: കെ. മുരളീധരന്‍

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം നേതാവുമായ സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പി. ജയരാജനാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. ജയരാജന്‍ അറിയാതെ ഇങ്ങനെയൊരു ആക്രമണം നടക്കില്ല. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിന്റേത്. ഇത് അനുവദിക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ചര്‍ച്ചയായത് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയമാണ്. വടകരയിലെ സമാധാനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് അവിടെ പ്രവര്‍ത്തിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ തന്നെ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കെതിരെ വധശ്രമം ഉണ്ടായിരിക്കുന്നു. നസീര്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ആളാണ്. സി.പി.എമ്മുമായുള്ള ആഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന് നേരെയുണ്ടായിരിക്കുന്ന വധശ്രമം സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്.

അക്രമികളുടെ പേരുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. സംഭവത്തില്‍ ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ഏപ്രില്‍ 23 ന് വോട്ടെടുപ്പ് ദിവസം തനിക്ക് നേരെയും സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. എന്നാല്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, ഇതുവരെ തന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Read More >>