മഹാരാഷ്ട്രയിൽ പ്രക്ഷോഭത്തിനൊരുങ്ങി എൻ.സി.പി-കോൺഗ്രസ്-എസ്.പി; തീരുമാനമറിയിക്കാതെ ശിവസേന

രാജ്യ താൽപര്യം കണക്കിലെടുത്ത് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു

മഹാരാഷ്ട്രയിൽ പ്രക്ഷോഭത്തിനൊരുങ്ങി എൻ.സി.പി-കോൺഗ്രസ്-എസ്.പി; തീരുമാനമറിയിക്കാതെ ശിവസേന

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി എൻ.സി.പി-കോൺഗ്രസ്-സമാദ് വാദി പാർട്ടി എന്നിവർ. മഹാരാഷ്ട്രയിൽ മൂന്ന് പാർട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. എന്നാൽ, ശിവസേനയുടെ ഭാഗത്തുനിന്ന് ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ല. എൻ.സി.പിയുടേയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ സഖ്യകക്ഷികളിൽ രണ്ട് പേരും പ്രതിഷേധത്തിനിറങ്ങുമ്പോൾ ഒഴിഞ്ഞുമാറാൻ ശിവസേനയ്ക്ക് പ്രയാസമായിരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോക്‌സഭയിൽ അനുകൂല നിലപാടാണ് ശിവസേന സ്വീകരിച്ചത്. രാജ്യ താൽപര്യം കണക്കിലെടുത്ത് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചാൽ മഹാരാഷ്ട്രയിൽ ശിവസേന സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസ് നിലപാടെടുത്തതോടെ ഉദ്ധവ് തീരുമാനത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. ഇതേത്തുടർന്ന ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭിയൽ നേർ വിപരീത നിലപാട് സ്വീകിരിച്ചു. ബില്ലിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ശിവസേന എം.പിമാർ വിട്ടുനിന്നു. പൗരത്വ ബല്ലിൻമേലുള്ള ചർച്ചയ്ക്കിടെ ശിവസേന എം.പിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ശിവസേന ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ വ്യക്തമായ ഉത്തരം നൽകാത്തതിനെത്തുടർന്നാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് വിശദീകരണം. എന്നാൽ, അപ്പോഴും എതിർത്ത് വോട്ടുചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പൗരത്വ ബില്ലിനോട് അനുകൂലിച്ചാൽ മഹാരാഷ്ട്രയിലെ സ്ഥിതി വഷളാകുമെന്ന് മനസ്സിലാക്കിയാണ് ശിവസേന കളം മാറിയതെന്നാണ് സൂചന. ബി.ജെ.പിയുമായി പിണങ്ങിപ്പിരിഞ്ഞ സേന, എൻ.സി.പി-കോൺഗ്രസ് പാർട്ടികളുടെ പിന്തുണയോടെയാണ് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയത്. ബില്ലിന് അനുകൂലമായി ശിവസേന വോട്ടു ചെയ്താൽ സഖ്യത്തിൽ നിന്ന് പിന്മാറാനാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ശിവസേനയുടെ അനുകൂല നിലപാടിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. മതേതരത്വത്തോട് പ്രതിബദ്ധതിയില്ലെങ്കിൽ മഹാ വികാസ് അഘാഡി എന്ന ഈയിടെ രൂപവത്കരിക്കപ്പെട്ട സഖ്യത്തിൽ കാര്യമില്ല എന്ന് ഹൈക്കമാൻഡിന് അഭിപ്രായമുണ്ടായിരുന്നു.

അതേസമയം, പൗരത്വ ഭേദഗതിനിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അലയടിക്കുന്ന പ്രതിഷേധത്തിനു ശമനമില്ല. ഗുവാഹത്തിയിൽ നിശാനിയമം അനിശ്ചിതകാലത്തേക്കു നീട്ടി. മേഘാലയയിലെ ഷില്ലോങ്ങിൽ കടകളും വാഹനങ്ങളും കത്തിച്ചു. ഷില്ലോങ്ങിന്റെ നിശാ നിയമത്തിന് ഇളവ് നൽകിയെങ്കിലും ഇന്റർനെറ്റ് സേവനം പുനരാരംഭിച്ചിട്ടില്ല.അസമിൽ ഗതാഗതം സ്തംഭിപ്പിച്ച പ്രക്ഷോഭകർ റെയിൽവേ സ്റ്റേഷനു തീവയ്ക്കുകയും ബോഗികൾ തകർക്കുകയും ചെയ്തു. പലയിടത്തും ഇന്ധനവിതരണം മുടങ്ങി.

അരുണാചൽ പ്രദേശിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉത്തർപ്രദേശിലെ അലിഗഡിലും ഇന്റർനെറ്റ് തടഞ്ഞു.

Read More >>