തിരുവനന്തപുരത്ത് പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കെ. സി. വേണുഗോപാല്‍

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ട്

തിരുവനന്തപുരത്ത് പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കെ. സി. വേണുഗോപാല്‍

തിരുവനന്തപുരം: ശശി തരൂര്‍ സ്ഥാനാര്‍ത്ഥിയായ തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തിരുവനന്തപുരം കോണ്‍ഗ്രസ്സിന്റെ അഭിമാന മണ്ഡലമാണെന്നും അവിടെ ശശി തരൂര്‍ ജയിക്കുമെന്ന് ഉറപ്പാണെന്നും വേണുഗോപാല്‍ പറഞ്ഞു.

പ്രത്യേക ശ്രദ്ധ നല്‍കാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെകൂടി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം വിലയിരുത്താനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ട്. എന്നാല്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെകൂടി വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ പ്രചാരണത്തില്‍ വീഴ്ച ഉണ്ടായെന്ന് ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അദ്ദേഹം തള്ളി.

തിരുവനന്തപുരം മണ്ഡലത്തില്‍ സംഘടനാ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സീറ്റിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം എ.ഐ.സി.സി നല്‍കുന്നുവെന്നെയുള്ളുവെന്നും വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെയാണ് നിരീക്ഷകനായി എത്തുന്നത്. പ്രചാരണം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗവും ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍വാസ്നിക്കും കെസി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും

Read More >>