കർഷകരുടെ വായ്പകളിൽ ഡിസംബർ 31വരെ ജപ്തിയില്ല

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എസ്. സുനിൽകുമാറും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം

കർഷകരുടെ വായ്പകളിൽ ഡിസംബർ 31വരെ ജപ്തിയില്ല

കർഷകരുടെ വായ്പകളിൽ ഡിസംബർ 31 വരെ ജപ്തിനടപടികൾ നിർത്തിവെക്കാൻ സർക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും തമ്മിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എസ്. സുനിൽകുമാറും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.

വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിനെ സമീപിക്കും. ഇതിനായി റിസർവ് ബാങ്ക് ഗവർണറെ സർക്കാരിന്റെ പ്രതിനിധിസംഘം നേരിട്ടുകാണാനും യോ​ഗം തീരുമാനിച്ചു.

ജൂലായ് 31 വരെ നിലവിലുള്ള മൊറട്ടോറിയം കർഷക ആത്മഹത്യകളും പ്രളയദുരിതവും കണക്കിലെടുത്ത് ഡിസംബർ 31 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയില്ല. ഇതിനകം പുനഃക്രമീകരിച്ച വായ്പകളുടെ തിരിച്ചടവ് കാലാവധി നീട്ടാൻ ബാങ്കേഴ്‌സ് സമിതിയെ അനുവദിച്ചെങ്കിലും ഇവയെ കിട്ടാക്കടത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ റിസർവ് ബാങ്ക് തയ്യാറായില്ല. കിട്ടാക്കടം വർധിക്കുമെന്നതിനാൽ ഇത്തരത്തിൽ മൊറട്ടോറിയം നീട്ടാൻ ബാങ്കുകൾ തയ്യാറായില്ല. റിസർവ് ബാങ്കിന്റെ ഈ നിബന്ധനയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ബാങ്കേഴ്‌സ് സമിതി കത്തെഴുതും.

മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിക്കിട്ടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങളിൽ ബാങ്കുകൾ സാങ്കേതികത പറഞ്ഞ് ഒഴിഞ്ഞുനിൽക്കരുതെന്നും ബാങ്കുകൾ സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ കർഷകർ പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് 31-നുശേഷം ജപ്തി തുടരാൻ അവകാശമുണ്ടെന്നു വ്യക്തമാക്കി ബാങ്കേഴ്‌സ് സമിതി പത്രപ്പരസ്യം നൽകിയതിനെ മന്ത്രി വി.എസ്. സുനിൽകുമാർ രൂക്ഷമായി വിമർശിച്ചു.

Read More >>