നഷ്ടം മുന്‍ കരാറുകാരനില്‍ നിന്ന് ഈടാക്കും; പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്

പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

നഷ്ടം മുന്‍ കരാറുകാരനില്‍ നിന്ന് ഈടാക്കും; പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആർസിക്ക് നൽകാൻ തീരുമാനിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അം​ഗീകരിക്കുകയായിരുന്നു. പാലം പുതുക്കി പണിയണമെന്ന ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദ‌ഗ്‌ധ സമിതി ശുപാർശ ചെയ്‌തത്.

പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോർപറേഷൻ വാഗ്‌ദാനം ചെയ്തിരുന്നു. ബലക്ഷയം വന്ന പാലത്തിന്റെ 17 സ്‌പാനുകൾ നീക്കി പുതിയത് സ്ഥാപിക്കണമെന്നും ഇതിനായി 18.71 കോടി രൂപ ചെലവ് വരുമെന്നും പാലം പരിശോധിച്ച ശേഷം ശ്രീധരൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം പാലാരിവട്ടം മേൽപ്പാലം പരിശോധിച്ചത്. പാലത്തിന്റെ തകരാർ കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

Next Story
Read More >>