കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

ചേമഞ്ചേരി സ്വദേശി ബൈജുവാണ് മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് മരിച്ചത്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. ചേമഞ്ചേരി സ്വദേശി ബൈജുവാണ് മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് മരിച്ചത്.

മരണ കാരണം ചികിത്സാ പിഴവെന്നാണ് രോഗിയുടെ ബന്ധുക്കളുടെ പരാതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

കഴിഞ്ഞ ഏപ്രില്‍ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച രോഗിയെ രണ്ട് തവണ ഡയാലിസിസിന് വിധേയരാക്കിയിരുന്നു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

Read More >>