പെരിയ ഇരട്ടക്കൊലപാതകം; 14 പേരില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു, കൊലപാതകം വ്യക്തിവിരോധം മൂലം

വ്യക്തിവിരോധമാണ് കൊലപാതത്തിന് കാരണമെന്നും ചില നേതാക്കള്‍ക്ക് അറിവുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായി വിവരമുണ്ട്.

പെരിയ ഇരട്ടക്കൊലപാതകം;  14 പേരില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു, കൊലപാതകം വ്യക്തിവിരോധം മൂലം

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രമാദമായ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ 14 പേരടങ്ങിയ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നു രാവിലെ 9.30ഓടെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. അതേസമം വ്യക്തിവിരോധമാണ് കൊലപാതത്തിന് കാരണമെന്നും ചില നേതാക്കള്‍ക്ക് അറിവുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായി വിവരമുണ്ട്.

സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കൃഷ്ണന്‍ എന്നിവരും പ്രതിചേര്‍ക്കപ്പെട്ടതില്‍പ്പെടും. ഇവരെ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. സി.പി.എം മുന്‍ലോക്കല്‍ കമ്മിറ്റി അംഗം എ.പിതാംബരന്‍ അടക്കം 12 പേരെ നേരത്തെതന്നെ അറസ്റ്റുചെയ്ത് റിമാന്‍ഡിലാണ്. ഇതില്‍ ഒന്നാംപ്രതിയായ പിതാംബരന്‍ ആസൂത്രണം ചെയ്ത് നടത്തിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇപ്പോള്‍ പ്രതിപട്ടികയിലുള്ളവരില്‍ ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവരും ഒന്‍പത് മുതല്‍ 11 വരെയുള്ളവര്‍ പ്രതികള്‍ക്ക് സഹായം നല്‍കിയവരുമെന്നാണ് സൂചന. പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചതിന്റെ പേരിലാണ് 12 മുതല്‍ 14 വരെ പ്രതികളെ ചേര്‍ന്നത്. കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട് മൂന്നുമാസം പൂര്‍ത്തിയാകുന്ന വേളയിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രവരി 17ന രാത്രിയാണ് ഇരുവരെയും കല്ല്യോട്ട് വെച്ച് വെട്ടിക്കൊല്ലുന്നത്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കെയാണ് ഡി.വൈ.എസ്.പി കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നു രാവിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Read More >>