സമാന്തരയോഗം ഭരണഘടനാ വിരുദ്ധം; ചെയര്‍മാനെ തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമെന്ന് പി.ജെ. ജോസഫ്

പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സമാന്തരയോഗം ഭരണഘടനാ വിരുദ്ധം; ചെയര്‍മാനെ തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമെന്ന് പി.ജെ. ജോസഫ്

കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സമാന്തരയോഗം യോഗം പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. സമാന്തരയോഗം ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതില്‍ കടുത്ത പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി.

നടന്നത് സംസ്ഥാന കമ്മിറ്റിയില്ല. ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഭരണ ഘടന പ്രകാരമല്ലാതെ എടുത്ത ഈ തീരുമാനം നിലനില്‍ക്കില്ലെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തതിനു പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള ജോസഫിന്റെ പ്രതികരണം.

'ഭരണഘടന അനുസരിച്ചേ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ 10 ദിവസത്തെ നോട്ടിസ് നല്‍കണം. അതില്ലാതെയാണ് യോഗം വിളിച്ചത്. റിട്ടേണിങ് ഓഫിസര്‍ വേണം. ആരെയാണ് അതിനു ചുമതലപ്പെടുത്തിയത്? യോഗത്തിനെത്തിയ ബഹുഭൂരിപക്ഷം പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. വെറും ആള്‍ക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല ഇത്തരമൊരു നീക്കം. ചെയര്‍മാനോ അദ്ദേഹത്തിന്റെ അധികാരം കയ്യാളുന്നയാള്‍ക്കോ ആണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമുള്ളത്. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ വേണം നിര്‍ദേശം നല്‍കാന്‍. രണ്ടും നടന്നില്ല. തികച്ചും അനധികൃതമായ യോഗമാണ് നടന്നത്. അതിനാല്‍ത്തന്നെ തീരുമാനങ്ങളൊന്നും നിലനില്‍ക്കില്ല' പി.ജെ.ജോസഫ് പറഞ്ഞു.

കോട്ടയത്ത് ചേര്‍ന്ന ബന്ദല്‍ സംസ്ഥാന സമിതി യോഗമാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. പിജെ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരും പിജെ ജോസഫിനൊപ്പം നില്‍ക്കുകയാണ് ജോസ് കെ മാണിക്കൊപ്പം മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാരാണുളളത്. അതേസമയം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തിട്ടുണ്ട്. നാല് ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്.

Read More >>