വർ​ഗീയ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവരെ പച്ചക്ക് കത്തിക്കണം: യുപി മന്ത്രി

യുപിയിൽ ബിജെപിയ്‌ക്കെതിരെ എസ്പി-ബിഎസ്പി സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് രാജ്ബാറിന്റെ വിവാദ പ്രസ്താവന.

വർ​ഗീയ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവരെ പച്ചക്ക് കത്തിക്കണം: യുപി മന്ത്രി

വര്‍ഗീയ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ പച്ചക്ക് കത്തിക്കണമെന്ന് ബിജെപി സഖ്യകക്ഷി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ഒപി രാജ്ബാര്‍. സാധാരണക്കാരായ ആളുകള്‍ മാത്രമാണ് ഇത്തരം കലാപങ്ങള്‍ക്കിരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ബിജെപി സർക്കാറിനെതിരെ വിമത സ്വരമുയർത്തുന്നവരിൽ ഒരാളാണ് മന്ത്രി.

'ഏതെങ്കിലും രാഷ്ട്രീയ നേതാവ് ഹിന്ദു-മുസ്ലിം കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ. എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ കൊല്ലപ്പെടാത്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെ പച്ചക്ക് കത്തിക്കണം.അപ്പോള്‍ അവര്‍ കാര്യങ്ങള്‍ മനസിലാക്കുകയും മറ്റുള്ളവരെ കത്തിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും'- പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഒപി രാജ്ബാര്‍ പറഞ്ഞു.

യുപിയിൽ ബിജെപിയ്‌ക്കെതിരെ എസ്പി-ബിഎസ്പി സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് രാജ്ബാറിന്റെ വിവാദ പ്രസ്താവന. നേരത്തെ തന്റെ പാര്‍ട്ടിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയ്ക്ക് ലോക് സഭാ തെരഞ്ഞടുപ്പിൽ അര്‍ഹമായ പ്രധാന്യം നല്‍കിയില്ലെങ്കില്‍ 80 സീറ്റുകളിലും മത്സരിക്കുമെന്ന് രാജ്ബാര്‍ ബിജെപിയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു

Read More >>