മോദിയെ പിടിച്ചുകെട്ടാന്‍ പ്രിയങ്ക വാരാണസിയില്‍; സസ്‌പെന്‍സ് പൊളിക്കാതെ കോണ്‍ഗ്രസ്‌

യു.പിയില്‍ കോണ്‍ഗ്രസ് എട്ടു സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചെങ്കിലും വാരാണസി മാത്രം ഒഴിച്ചിട്ടു. ഇതോടെ, പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ സജീവപരിഗണനയിലാണെന്നു ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നു.

മോദിയെ പിടിച്ചുകെട്ടാന്‍ പ്രിയങ്ക വാരാണസിയില്‍; സസ്‌പെന്‍സ് പൊളിക്കാതെ കോണ്‍ഗ്രസ്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് തട്ടകമായ വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്രാപിക്കുന്നു. യു.പിയില്‍ കോണ്‍ഗ്രസ് എട്ടു സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചെങ്കിലും വാരാണസി മാത്രം ഒഴിച്ചിട്ടു.

ഇതോടെ, പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ സജീവപരിഗണനയിലാണെന്നു ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നു. വിശദമായ ചർച്ചകൾക്കു ശേഷം തീരുമാനം അറിയിക്കുമെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്.

യു.പിയില്‍ മോഹന്‍ലാല്‍ ഗഞ്ച്, അംബേദ്കര്‍ നഗര്‍, ഗോണ്ട, ബസ്തി, സലിംപൂര്‍, ജൗന്‍പൂര്‍, ഗാസിപൂര്‍, ചണ്ഡൗലി, ഭദോഹി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്.

വാരാണസിക്കൊപ്പം അലഹബാദ് മണ്ഡലവും ഒഴിച്ചിട്ടിട്ടുണ്ട്. കിഴക്കൻ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്കെത്തിയ പ്രിയങ്ക നേരത്തെ തമാശ രൂപേണ വാരാണസിയില്‍ മത്സരിക്കുന്നതായി പറഞ്ഞിരുന്നു.

അതിനിടെ, പ്രിയങ്ക വന്നാല്‍ എസ്.പി-ബി.എസ്.പി സഖ്യം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഡിലും രാഹുലിന്റെ അമേഠിയിലും സോണിയയുടെ റായ്ബറേലിയിലും ഇരുവിഭാഗവും എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

വാരാണസിയില്‍ മത്സരിക്കുന്ന ഭീം ആര്‍മി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖറും പിന്മാറിയേക്കും. പ്രിയങ്ക മത്സരിക്കാന്‍ ഒരുങ്ങിയാല്‍ മോദി മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകുമെന്നും മറ്റു മണ്ഡലങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര കുറയുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നു.‌

അതിനിടെ, ഇന്ന് അസമിലെ സില്‍ച്ചറില്‍ പ്രിയങ്കയുടെ റോഡ് ഷോ നടക്കും. മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവിനു വേണ്ടിയാണ് പ്രിയങ്ക സില്‍ച്ചറിലെത്തുന്നത്.

Read More >>