ഇതാണ് ഇന്ത്യൻ യുവാക്കൾ; നിങ്ങൾക്കവരെ അടിച്ചമർത്താനാകില്ല: പ്രിയങ്കാ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്

ഇതാണ് ഇന്ത്യൻ യുവാക്കൾ; നിങ്ങൾക്കവരെ അടിച്ചമർത്താനാകില്ല: പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മോദി സർക്കാർ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ഡൽഹിയിൽ നടന്ന സംഭവം സൂചിപ്പിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

'രാജ്യത്തെ സർവകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും അടിച്ചമർത്തുകയാണ് സർക്കാർ. ഈ സർക്കാർ ഭീരുക്കളുടേതാണ്.ജനങ്ങളുടെ ശബ്ദത്തെ സർക്കാർ ഭയക്കുകയാണ്. വിദ്യാർത്ഥികളേയും മാദ്ധ്യമപ്രവർത്തകരേയും അടിച്ചമർത്തിയാണ് വടക്കുകിഴക്ക്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ബി.ജെ.പി അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നത്.'-പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇതാണ് ഇന്ത്യൻ യുവാക്കൾ, അവരെ അടിച്ചമർത്താൻ നിങ്ങൾക്ക് കഴിയില്ല. ഇപ്പോഴല്ലെങ്കിൽ ഉടൻ നിങ്ങൾക്ക് അവരുടെ ശബ്ദം കേൾക്കേണ്ടി വരുമെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

'ജനങ്ങളുടെ ശബ്ദം ഭയപ്പെടുന്നവർ രാജ്യത്തെ യുവാക്കളുടെ ധൈര്യത്തെ സ്വേച്ഛാദിപത്യത്തിലൂടെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഇവർ ഇന്ത്യയിലെ യുവാക്കളാണ്, ശ്രദ്ധിക്കൂ മോദിജീ, ഇത് ഒരിക്കലും നഷ്ടമാകില്ല. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇവരുടെ ശബ്ദം തീർച്ചയായും കേൾക്കേണ്ടിവരും.'-പ്രിയങ്ക ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്.

അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ജെ.എൻ.യു, ജാമിയ വിദ്യാർത്ഥികളാണ് ഇന്നലെ രാത്രി മുഴുവൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ജാമിയ സർവകലാശാലയിൽ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പൊലീസ് വിട്ടയച്ചു.

Read More >>