തന്റെ ജനങ്ങൾക്ക് ശബ്ദം നൽകി, യുവാക്കൾക്കും കർഷകർക്കും വേണ്ടി പോരാടി, എന്നിട്ടും ബി.ജെ.പി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി; ഹർദികിനെതിരായ നടപടിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ശനിയാഴ്ച രാത്രി അഹമ്മദാബാദിലെ വിരാംഗത്തിൽ നിന്നാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ഹർദിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്

തന്റെ ജനങ്ങൾക്ക് ശബ്ദം നൽകി, യുവാക്കൾക്കും കർഷകർക്കും വേണ്ടി പോരാടി, എന്നിട്ടും ബി.ജെ.പി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി; ഹർദികിനെതിരായ നടപടിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ലഖ്‌നൗ: രാജ്യദ്രോഹ കുറ്റംചുമത്തി അറസ്റ്റ് ചെയ്ത കോൺഗ്രസ്സ് നേതാവ് ഹർദിക് പട്ടേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 'യുവാക്കൾക്ക് തൊഴിലിനും കർഷകരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി പോരാടുന്ന ഹർദിക് പട്ടേൽ ജിയെ ബി.ജെ.പി വീണ്ടും വീണ്ടും ബി.ജെ.പി ഉപദ്രവിക്കുകയാണ്. തന്റെ സമൂഹത്തിലെ ജനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി, അവർക്ക് ജോലി ആവശ്യപ്പെട്ടു, സ്‌കോളർഷിപ്പ് ആവശ്യപ്പെട്ടു. എന്നിട്ടും ബി.ജെ.പി അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു.'-പ്രിയങ്ക ട്വീറ്റ് ചെയ്തു.

'രാജ്യദ്രോഹക്കേസിൽ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിനെ വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു'വെന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

ശനിയാഴ്ച രാത്രി അഹമ്മദാബാദിലെ വിരാംഗത്തിൽ നിന്നാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ഹർദിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി.2015ൽ പട്ടേൽ സംവരണ പ്രക്ഷോഭത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാർദിക്കിനെതിരെയുള്ള കേസ്. കേസിൽ ഹാർദിക്കിനെ കോടതി രണ്ട് വർഷം തടവിനു ശിക്ഷിച്ചിരുന്നു. 2016ൽ ജാമ്യത്തിലിറങ്ങിയ ഹർദിക്കിനെതിരെ 2018 ൽ വീണ്ടും കേസെടുത്തിരുന്നു. ഈ കേസിൽ അദ്ദേഹത്തിന്റെ ഹർജി തള്ളിയ കോടതി ശനിയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

2015 ൽ പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിൽ ഹർദിക് പട്ടേൽ നടത്തിയ റാലികൾ ഗുജറാത്ത് സർക്കാരിന്റെ ഉറക്കം കെടുത്തിയിരുന്നു. റാലികൾ അടിച്ചമർത്താൻ തുടങ്ങിയതോടെ വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. തുടർന്ന് പട്ടേലിനെ ജയിലിൽ അടച്ചിരുന്നു. 2017ലെ തെരഞ്ഞെടുപ്പ് സമയത്താണ് ബി.ജെ.പി സർക്കാരിനെതിരെ പോരാട്ടം തുടരുന്നതിനായി ഹർദിക് കോൺഗ്രസിൽ ചേർന്നത്.

Read More >>