യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നു നേതാക്കൾ

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ റായ്ബറേലിയിൽ വിളിച്ചുചേർത്ത പാർട്ടി അവലോകന യോഗത്തിലാണ് നേതാക്കൾ ഇക്കാര്യങ്ങൾ അറിയിച്ചത്.

യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ   മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നു നേതാക്കൾ

രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോൾ പ്രിയങ്ക ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നു നേതാക്കൾ. കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കയെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ റായ്ബറേലിയിൽ വിളിച്ചുചേർത്ത പാർട്ടി അവലോകന യോഗത്തിലാണ് നേതാക്കൾ ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രിയങ്കയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തിരുന്നു. റായ്ബറേലിയിൽ തന്നെ വിജയിപ്പിച്ച പാർട്ടി പ്രവർത്തകർക്ക് സോണിയ നന്ദി അറിയിച്ചു.

ലോക്്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകൾ കാരണമാണെന്ന് നേതാക്കൾ ആരോപിച്ചു. ഭാവിയിൽ തെരഞ്ഞെടുപ്പുകളെ പാർട്ടി ഒറ്റയ്ക്ക് നേരിടണമെന്ന അഭിപ്രായവും യോഗത്തിലുയർന്നു. യോഗത്തിൽ, അടുത്ത ഉപതെരഞ്ഞെടുപ്പുകളുലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതിരോധം തീർത്തുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി എത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടെന്നു കോൺഗ്രസ് നേതാവും മുൻ വാരാണസി എം.പിയുമായ രാജേഷ് മിശ്ര പറഞ്ഞു.

മണ്ഡലങ്ങളിലെ ഏകോപനമില്ലായ്മയാണ് പരാജയത്തിലേക്ക് നയിച്ചത്. യു.പിയിൽ ബൂത്ത് തലം മുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കഠിനവും ശക്തവുമായി പ്രവർത്തിക്കാനാണ് തീരുമാനം. പ്രിയങ്ക ഗാന്ധി വീടുകൾ കയറിയുള്ള പ്രചാരണം നടത്തിയാൽ തീർച്ചയായും കോൺഗ്രസ്സിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് പ്രിയങ്ക എത്തിയതെങ്കിലും 2022 ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസായിരിക്കണമെന്ന അജണ്ടയോടെയാണ് രാഹുൽ പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Read More >>