ബി.ജെ.പിക്ക് സീറ്റില്ലെങ്കില്‍ പിള്ള തെറിക്കും

അവസാനനിമിഷം വരെ പത്തനംതിട്ട മണ്ഡലത്തിനായി പിള്ള ശ്രമം നടത്തിയിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഒന്നാം പേരുകാരൻ താനാണെന്ന് മാധ്യമങ്ങളോട് ശ്രീധരൻപിള്ള വെളിപ്പെടുത്തിയതും വിവാദമായിരുന്നു.

ബി.ജെ.പിക്ക് സീറ്റില്ലെങ്കില്‍ പിള്ള തെറിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇക്കുറി അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് പി.എസ്. ശ്രീധരൻപിള്ളയെ നീക്കിയേക്കും. ഇത്രത്തോളം അനുകൂല സാഹചര്യം സംസ്ഥാനത്ത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്.

സ്ഥാനാർത്ഥി നിർണയ സമയത്തുണ്ടായ അസ്വാരസ്യങ്ങൾ പ്രചാരണസമയത്ത് പ്രകടമായിരുന്നില്ല. എന്നാൽ ഇത് വോട്ടിംഗിനെ ബാധിച്ചോയെന്ന് മേയ് 23 ന് വോട്ടെണ്ണൽ കഴിഞ്ഞ ശേഷമേ വ്യക്തമാകൂ. നേരത്തേ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ശ്രീധരൻപിള്ള ഏകപക്ഷീയമായി സ്ഥാനാർത്ഥിപട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്ന് ആക്ഷേപമുയർന്നിരുന്നു. അവസാനനിമിഷം വരെ പത്തനംതിട്ട മണ്ഡലത്തിനായി പിള്ള ശ്രമം നടത്തിയിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഒന്നാം പേരുകാരൻ താനാണെന്ന് മാധ്യമങ്ങളോട് ശ്രീധരൻപിള്ള വെളിപ്പെടുത്തിയതും വിവാദമായിരുന്നു.

ശബരിമല സമരത്തിൽ അടിക്കടി നിലപാടുകൾ മാറ്റിപ്പറഞ്ഞ് പിള്ള പാർട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചെന്ന് ബി.ജെ.പിക്കുള്ളിൽ പരക്കെ വിമർശനമുയർന്നിരുന്നു. ശബരിമലയിൽ നിന്നുള്ള സമരപരിപാടികൾ കാര്യമായ ആലോചനകൾ കൂടാതെ സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റുകയും സമരത്തിന് പരിഹാസ്യമായ അന്ത്യം കുറിയ്ക്കുകയും ചെയ്തു. ഇത് വഴി ശബരിമല വിഷയത്തിൽ പാർട്ടിക്ക ലഭിക്കാമായിരുന്ന മേൽക്കൈ ഇല്ലാതാക്കി. ശബരിമല സമരം നയിച്ച് ജയിലിൽ പോകുകയും നിരവധി കേസുകളിൽ പ്രതിയാകുകയും ചെയ്ത കെ.സുരേന്ദ്രനെ മാറ്റി പത്തനംതിട്ടസീറ്റ് കൈക്കലാക്കാനുള്ള ശ്രീധരൻപിള്ളയുടെ ശ്രമത്തോടെ വി.മുരളീധരൻപക്ഷം പൂർണമായും അദ്ദേഹത്തിനെതിരായി. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വേദിയിൽ ശ്രീധരൻപിള്ള നടത്തിയ കടുത്ത മുസ്‌ളീം വിരുദ്ധ പരാമർശം പാർട്ടിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

കഴിഞ്ഞ മേയിൽ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് രണ്ട് മാസത്തിന് ശേഷം ശ്രീധരൻപിള്ള പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. അന്ന് കെ.സുരേന്ദ്രന്റെ പേര് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർന്നു വന്നിരുന്നു. എന്നാൽ പി.കെ.കൃഷ്ണദാസ് വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെ പ്രസിഡന്റാക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് തർക്കം രൂക്ഷമാകുകയും ആർ.എസ്.എസ് നോമിനിയായി ശ്രീധരൻപിള്ള സമവായ സ്ഥാനാർത്ഥിയാകുകയുമാണുണ്ടായത്. എന്നാൽ പിളളയുടെ പ്രവർത്തനങ്ങളിൽ ആർ.എസ്.എസും അതൃപ്തിയിലാണ്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവലോകത്തിനായി ആർ.എസ്.എസ് വിളിച്ചു ചേർത്ത യോഗത്തിലും പിള്ളയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്മനവും കെ.സുരേന്ദ്രനും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം യോഗത്തിനെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും പിള്ളയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്നിൽ ശക്തമാക്കാനാണ് മുരളീധരപക്ഷം ലക്ഷ്യമിടുന്നത്. പിള്ളയുടെ പ്രവർത്തനങ്ങളിൽ കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ടെങ്കിലും പകരക്കാരനെ കണ്ടെത്തുക ഏറെ വെല്ലുവിളിയാകും.

Read More >>