വയനാട്ടിലെത്തിയത് നിങ്ങളില്‍ ഒരാളായി: രാഹുല്‍ ഗാന്ധി

കുറച്ചുകാലത്തേയ്ക്കു മാത്രമായല്ല താന്‍ വയനാട്ടിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലെത്തിയത് നിങ്ങളില്‍ ഒരാളായി: രാഹുല്‍ ഗാന്ധി

നിങ്ങളില്‍ ഒരാളായി പ്രവര്‍ത്തിക്കാനാണ് വയനാട്ടില്‍ എത്തിയതെന്ന് രാഹുല്‍ ഗാന്ധി. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മന്‍കി ബാത്ത് പറയാനല്ല ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത്. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്. മോദിയെ പോലെ വേദിയില്‍ നിന്ന് കോടികളും ജോലിയും വാഗ്ദാനം ചെയ്യുന്ന ആളല്ല ഞാന്‍. നിങ്ങളുടെ വികാരവും വിവേകവും ആദരിച്ചേ മതിയാവൂ എന്നെനിക്കറിയാം. ഈ നാടിന്റെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി പുസ്തകങ്ങള്‍ വായിക്കാനല്ല, നിങ്ങളിലേയ്ക്ക് വരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും നിങ്ങളില്‍നിന്നുതന്നെ രൂപപ്പെടും എന്നെനിക്കറിയാം. അത് നടപ്പില്‍വരുത്താനാണ് താന്‍ എത്തിയിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കുറച്ചുകാലത്തേയ്ക്കു മാത്രമായല്ല താന്‍ വയനാട്ടിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ മകനും സഹോദരനുമാണ് ഞാന്‍ നിങ്ങള്‍ക്കുമുന്നിലെത്തിയിരിക്കുന്നത്. അതുകൊണ്ട് ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഞാനുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നതായും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.

വയനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ട്. അത് പരിഹരിക്കുന്നതിനായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. വയനാട്ടിലെ ജനങ്ങളുമായി ജീവിതകാലം മുഴുവന്‍ ബന്ധം നില നിര്‍ത്തും. വയനാടിന് മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യയുടെ ശബ്ദമാണ് വയനാടിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Read More >>