കള്ളവോട്ട്:നാലു ബൂത്തുകളില്‍ റീപോളിങ് 19ന്‌

സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്നു റീപോളിങ് നടക്കുന്നത്

കള്ളവോട്ട്:നാലു ബൂത്തുകളില്‍ റീപോളിങ് 19ന്‌

തിരുവനന്തപുരം: കള്ളവോട്ടു നടന്നതായി സ്ഥിരീകരിച്ച കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ 19, 69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48ാം ബൂത്തിലുമാണ് റീപോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന 19നു റീപോളിങ് നടക്കുമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്നു റീപോളിങ് നടക്കുന്നത്.

കള്ളവോട്ടു സംബന്ധിച്ച പരാതികളും, ദൃശ്യങ്ങളും, ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും, അതിന്‍മേല്‍ സ്വീകരിച്ച നടപടികളും തുടര്‍നടപടിക്കായി മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നു. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റീപോളിങ് സംബന്ധിച്ച തീരുമാനം കമ്മീഷന്‍ കൈക്കൊണ്ടത്.

കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 19ല്‍ എന്‍.പി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടികള്‍ തീരുമാനിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു കള്ളവോട്ട് സ്ഥിരീകരിച്ച തെരഞ്ഞെടുപ്പു ഓഫീസര്‍ മൂവര്‍ക്കുമെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് റീപോളിങ് ഉള്‍പ്പെടെയുള്ള തുടര്‍നടപടി തീരുമാനിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയ്ക്കു വിട്ടത്. ഇതിനു പിന്നാലെ കല്യാശ്ശേരിയിലെ പുതിയങ്ങാടി 69, 70 ബൂത്തുകളിലും കള്ളവോട്ടു നടന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നു. തുടര്‍ന്നു ജില്ലാ കളക്ടര്‍ നടത്തിയ വിശദമായ പരിശോധനയില്‍ പുതിയങ്ങാടിയിലെ മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, കെ.എംം മുഹമ്മദ് എന്നിവര്‍ കള്ളവോട്ടു ചെയ്യതായി തെളിഞ്ഞു. ഇതിനെ തുടര്‍ന്നു ഇവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടു. ഇതോടൊപ്പം തൃക്കരിപ്പൂരിലെ 48ാം ബൂത്തിലെ കള്ളവോട്ടു സ്ഥിരീകരിക്കുകയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നതെങ്കിലും ചുമതല കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കാണ്. നാലു ബൂത്തുകളും സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. റീപോളിങ് സംബന്ധിച്ച വിജ്ഞാപനം ജില്ലാ കളക്ടര്‍ ഇന്നു തന്നെ ഇറക്കാനാണ് സാദ്ധ്യത.


Read More >>