റീ പോളിംഗ്; കള്ളവോട്ടിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യജയം- മുല്ലപ്പള്ളി രാമചന്ദ്രന്‍

തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നടപടികളും ഇടപെടലുകളും ഇനിയും നടത്തേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റീ പോളിംഗ്; കള്ളവോട്ടിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിന്റെ ആദ്യജയം- മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ അരനൂറ്റാണ്ടായി സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ മലബാര്‍ മേഖലകളില്‍ നടക്കുന്ന കള്ളവോട്ടിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫ് നടത്തിവന്നിരുന്ന ധര്‍മ്മയുദ്ധത്തിന്റെ ആദ്യവിജയമാണ് റീ പോളിങ്ങ് എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രമക്കേട് കണ്ടെത്തിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ നാലു ബൂത്തുകളില്‍ റീ പോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനത്തെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നു. റീ പോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിയെ കെ.പി.സി.സി അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നടപടികളും ഇടപെടലുകളും ഇനിയും നടത്തേണ്ടതായിട്ടുണ്ട്. ധര്‍മ്മടം ഉള്‍പ്പടെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേയും വടകര പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന തലശ്ശേരി, കൂത്തുപറമ്പ നിയോജക മണ്ഡലങ്ങളിലേയും കള്ളവോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തയ്യാറാകണം. എങ്കില്‍മാത്രമേ ജനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത അംഗീകരിക്കൂ. പിണറായിലെ അമല ആര്‍.സി.യു.പി സ്‌കൂളിലെയും വടകര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം പഞ്ചായത്തിലെ 40,41 ബൂത്തുകളിലേയും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനും കമ്മീഷന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കള്ളവോട്ട് തടയാനും സ്വതന്ത്രവും നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് പോലീസിലെ തപാല്‍ വോട്ട് ക്രമക്കേട് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ഡി.ജി.പി ആവശ്യപ്പെട്ടതിന് പിന്നില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബി.എല്‍.ഒമാരെയും, ഡെപ്യൂട്ടി തഹസിദാര്‍മാരേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമം നടത്തി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച കെ.സി.ജോസഫ് കണ്‍വീനറായ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ സി.പി.എമ്മിന് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറി നടത്താന്‍ ഒത്താശ ചെയ്ത തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്് പോകാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More >>