ശ്രീകോവില്‍ നട അടച്ചു; സന്നിധാനത്ത് ശുദ്ധിക്രിയ

സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ.

ശ്രീകോവില്‍ നട അടച്ചു; സന്നിധാനത്ത് ശുദ്ധിക്രിയ

ശബരിമല: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് ഔദ്യോഗിക സ്ഥീരികരണം ഉണ്ടായതിനു പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ തന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മേല്‍ശാന്തി എത്തി ശ്രീകോവില്‍ അടച്ചത്.

ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് തന്നെ ശുദ്ധിക്രിയകള്‍ നടത്തി വീണ്ടും നട തുറക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ആചാര ലംഘനം നടത്തികൊണ്ട് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യുവതികള്‍ കയറിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ശുദ്ധികലശം നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ നേരത്തെ പ്രതികരിച്ചിരുന്നു. കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് ഇന്ന് പുലര്‍ച്ചെ 3.45 നോടു കൂടി മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.

Read More >>