അപവാദ പ്രചാരണം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരും; ദേശാഭിമാനിക്കെതിരെ കേസെകൊടുക്കും സാജന്‍റെ ഭാര്യ

അച്ഛന്‍റെ പേരിലുള്ള സിം കാർഡ് താനാണ് ഉപയോഗിക്കുന്നതെന്ന് സാജന്‍റെ മകൻ പറഞ്ഞു.

അപവാദ പ്രചാരണം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരും; ദേശാഭിമാനിക്കെതിരെ കേസെകൊടുക്കും സാജന്‍റെ ഭാര്യ

അപവാദപ്രചാരണം തുടർന്നാൽ തങ്ങൾക്കും ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതും തുടർന്നാൽ സാജന്‍റെ വഴി തന്നെ തനിക്കും മക്കൾക്കും തിരഞ്ഞെടുക്കേണ്ടി വരുമെന്നും ബീന പറഞ്ഞു. ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിചേർത്തു. സാജന്റെ ആത്മഹത്യക്ക് പിന്നിൽ ചില ഫോൺ വിളികളാണെന്ന കണ്ടെത്തലുമായി സി.പി.എം മുഖപ​ത്രം ദേശാഭിമാനി വാർത്ത നൽകിയിരുന്നു.

മാനസികമായി തകർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ അപവാദങ്ങളാണ് പ്രചാരിപ്പിക്കുന്നത്. ആളുകൾ ഫോൺ വിളിച്ചും മറ്റും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെ കൊണ്ട് പോലും അപവാദം പ്രചാരിപ്പിക്കുന്നു. കുട്ടികളുടേതെന്ന പേരിൽ വ്യാജമായ മൊഴികളാണ് നൽകുന്നത്.

മരിക്കുന്നതിന് തലേദിവസം വരെ കൺവൻഷൻ സെന്‍ററിന്‍റെ കാര്യം പറഞ്ഞാണ് സാജൻ ആശങ്കപ്പെട്ടത്. വീട്ടിൽ മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ സാജൻ തന്നോടുതന്നെ പറയുമായിരുന്നു. നാട്ടുകാരുടെ പ്രശ്നങ്ങളിൽ പോലും ഇടപെട്ട് പരിഹരിക്കാൻ മുന്നിൽ നിന്നയാളാണ് സാജനെന്നും ബീന പറഞ്ഞു.

അച്ഛന്‍റെ പേരിലുള്ള സിം കാർഡ് താനാണ് ഉപയോഗിക്കുന്നതെന്ന് സാജന്‍റെ മകൻ പറഞ്ഞു. രാത്രി സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നത് താനാണ്. കൂട്ടുകാർ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാറുണ്ട്. പത്രവാർത്തയിൽ വന്ന കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ലെന്ന് സാജന്‍റെ മകളും പറഞ്ഞു.

Read More >>