ആലപ്പാട്ടെ ഖനനം നിര്‍ത്തിയശേഷം ചര്‍ച്ചയാകാം; നിലപാട് കടുപ്പിച്ച് സമരസമിതി

ഉപാധികള്‍ മുന്നില്‍വെച്ചു മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.

ആലപ്പാട്ടെ ഖനനം നിര്‍ത്തിയശേഷം ചര്‍ച്ചയാകാം; നിലപാട് കടുപ്പിച്ച് സമരസമിതി

കൊല്ലം: ആലപ്പാട് ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനം നിര്‍ത്തിയശേഷം ചര്‍ച്ചയാകാമെന്ന് സമര സമിതി. സർക്കാർ ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും, ആലപ്പാടെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. തികച്ചും ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇനിയും ഖനനം തുടരരുതെന്ന് സമിതി ആവശ്യപ്പെടുന്നതെന്നും സമരസമിതി നേതാവ് ശ്രീകുമാര്‍ പറഞ്ഞു.

മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം സമരസമിതി കൈക്കൊണ്ടിട്ടുള്ളത്. കായലിനും കടലിനും ഇടയില്‍ മണല്‍ ബണ്ടുപോലെയാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ അശാസ്ത്രീയമായുള്ള ഖനനം താങ്ങാനുള്ള ശക്തി ഈ ഭൂമിക്ക് ഇല്ല. ഇത് കേവലം ആലപ്പാടിന്റെ മാത്രം പ്രതിരോധമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉപാധികള്‍ മുന്നില്‍വെച്ചു മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണമെന്നും രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോവുക. അശാസ്ത്രീയമായ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭാ പരിസ്ഥിതി സമിതികളുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ നേരത്തെ പറഞ്ഞിരുന്നു.

Read More >>