ആറുപേര്‍ക്ക് സസ്പെന്‍ഷന്‍; എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടുന്നതില്‍ അവ്യക്തത

യൂണിറ്റ് പിരിച്ചുവിടുമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ഇതുവരെ ജില്ലാ കമ്മിറ്റി തയാറായില്ല.

ആറുപേര്‍ക്ക് സസ്പെന്‍ഷന്‍; എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടുന്നതില്‍ അവ്യക്തത

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ആറു പേരെ എസ്.എഫ്.ഐ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. യൂനിറ്റ് സെക്രട്ടറി നസീം, വിദ്യാര്‍ത്ഥിയെ കുത്തിയ ശിവരഞ്ജിത്ത്, ആരോമല്‍, ആദില്‍ തുടങ്ങിയവര്‍ക്കെതിരേയാണ് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചത്. അതേസമയം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യത്തില്‍ സംഘടനയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുകയാണ്. തിരുത്തല്‍ നടപടിയെന്ന നിലയില്‍ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവിടുമെന്ന് ഇന്നലെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പ്രഖ്യാപിച്ചിരുന്നു.

വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കി കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാമ്പസിനകത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂനിറ്റിനെതിരേ നടപടി. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കുമെന്നും വി.പി സാനു ഇന്നലെ പറഞ്ഞിരുന്നു.

യൂണിറ്റ് പിരിച്ചുവിടുമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ഇതുവരെ ജില്ലാ കമ്മിറ്റി തയാറായില്ല. അക്രമികളായ വിദ്യാര്‍ത്ഥികളെ ഇപ്പോഴും ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി ചേര്‍ന്ന ശേഷം കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഒളിവില്‍ പോയ ശിവരഞ്ജിത്തും യൂണിറ്റ് സെക്രട്ടറി നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തിവീഴ്ത്തിയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണന്നാണ് പോലീസ് പറയുന്നത്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ആരെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി നസീം മുന്‍പ് തിരുവനന്തപുരം നഗരത്തില്‍ വച്ച് പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ്. ഈ കേസില്‍ നിന്നും സി.പി.എം നേതൃത്വം ഇയാളെ രക്ഷിച്ചെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

Read More >>