ഷാ ഫൈസലിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു;കശ്മിരിലേക്ക് തിരിച്ചയച്ചു

ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം

ഷാ ഫൈസലിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു;കശ്മിരിലേക്ക് തിരിച്ചയച്ചു

ന്യൂഡൽഹി: മുൻ ഐ.എ.എസ് ഓഫീസർ ഷാ ഫൈസലിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. കശ്മിരിലേക്ക് തന്നെ തിരിച്ചയച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തുർക്കിയിലെ ഇസ്താബുളിലേക്ക് പോകുന്നതിനായി ഡൽഹിയിൽ എത്തിയ ഷായെ ജമ്മു കശ്മിർ പൊതു സുരക്ഷാ നിയമ(പി.എസ്.എ) പ്രകാരമാണ് തടഞ്ഞുവെച്ചത്.1978ൽ പ്രഖ്യാപിച്ച പി.എസ്.എ പ്രകാരം, മൂന്നുമാസം മുതൽ ആറുമാസം വരെ വിചാരണ കൂടാതെ ഒരാളെ തടങ്കലിൽ വെക്കാൻ സർക്കാരിന് അനുവാദം നൽകുന്നുണ്ട്. ഇദ്ദേഹത്തെ കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് തീരുമാനമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നയാളാണ് ഫൈസൽ. കശ്മീരിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ അനുവദിച്ചുകിട്ടാന്‍ അക്രമരഹിത ജനകീയ പ്രതിഷേധം ആവശ്യമാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

2010ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫൈസൽ ഇക്കഴിഞ്ഞ ജനുവരിയില്‍ ഐ.എ.എസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേർന്നു.


Read More >>