മദ്യപിക്കാറില്ല, രക്തത്തിൽ മദ്യത്തിൻെറ അംശവുമില്ല; വാഹനം ഓടിച്ചത് വഫ ഫിറോസ്: ശ്രീറാം വെങ്കിട്ട രാമൻെറ വിശദീകരണം

അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നതായും മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നും കുറിപ്പിലുണ്ട്.

മദ്യപിക്കാറില്ല, രക്തത്തിൽ മദ്യത്തിൻെറ അംശവുമില്ല; വാഹനം ഓടിച്ചത് വഫ ഫിറോസ്: ശ്രീറാം വെങ്കിട്ട രാമൻെറ വിശദീകരണം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കി. താൻ മദ്യപിക്കാത്തയാളാണെന്നും അപകടം നടക്കുമ്പോള്‍ വാഹനം സുഹൃത്തായ വഫ ഫിറോസാണ് ഓടിച്ചിരുന്നതെന്നും ശ്രീരാമിൻെറ ഏഴു പേജുള്ള വിശദീകരണക്കുറിപ്പിൽ പറയുന്നു.

അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നതായും മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചതെന്നും കുറിപ്പിലുണ്ട്. മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ല. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തൻെറ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും കുറുപ്പിൽ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നത സമിതി ശ്രീറാമിൻെറ വിശദീകരണം പരിശോധിച്ചശേഷമാകും തുടര്‍നടപടി സ്വീകരിക്കുക. എന്നാൽ ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാല്‍ സസ്പെന്‍ഷന്‍ കാലാവധി നീട്ടാനാണ് സാധ്യത. കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാമും വഫയും സഞ്ചരിച്ച വാഹനമിടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ത പരിശോധന നടത്തിയിരുന്നില്ല. എന്നാൽ ശ്രീറാമിനെ മദ്യത്തിന്റെ മണമുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഏറെ വെെകിയാണ് പൊലീസ് ശ്രീറാമിൻെറ രക്ത പരിശോധന നടത്തിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹെെക്കോടതി പ്രതികരിച്ചത്. തെളിവ് പ്രതി കൊണ്ടുതരണോയെന്നും കോടതി ചോദിച്ചിരുന്നു.

Next Story
Read More >>